തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വർഷത്തെ ആദ്യ തിരുവനന്തപുരം സന്ദർശനം നാളെ. നാളെ രാവിലെ മോദി തിരുവനന്തപുരത്തെത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷംപേർ സമ്മേളനത്തിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഐഎസ്ആർഒയിലെ ഔദ്യോഗിക പരിപാടിക്ക് ശേഷമാകും ബിജെപിയുടെ സമ്മേളന നഗരിയിലെത്തുക. മോദിയുടെ ഈ വർഷത്തെ ആദ്യ തിരുവനന്തപുരം സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. തലസ്ഥാനനഗരിയിലെ വിവിധ ഭാഗങ്ങളിൽ കമാനങ്ങളും കട്ടൗട്ടുകളും ഉയർന്നു കഴിഞ്ഞു. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതിയതായി ബിജെപിയിലേക്കെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഉപഭോക്താക്കളുംസമ്മേളനത്തിൽ പങ്കാളികളാകും.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വലിയ സമ്മേളനവേദിയാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. നാളെ രാവിലെ 10 നാണ് സമ്മേളനം ആരംഭിക്കുക. കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ദേശീയ നിർവാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, പ്രകാശ് ജാവേദേക്കർ, ജില്ലാ അധ്യക്ഷൻ വിവി രാജേഷ്, ദേശീയ സംസ്ഥാന – ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
ഗതാഗത നിയന്ത്രണം
നാളെ രാവിലെ അഞ്ച് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഗതാഗത നിയന്ത്രണം ഇവിടങ്ങളിൽ – ആഭ്യന്തര വിമാനത്താവളം, ശംഖുമുഖം, ഓൾ സെയിന്റ്സ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്പ, പൗണ്ട്കടവ് വരെയുള്ള റോഡ്, ഓൾ സെയിന്റ്സ് ജങ്ഷൻ – പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം, വിജെടി, സ്പെൻസർ ജങ്ഷൻ, സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡ് സെക്രട്ടേറിയറ്റിനും സെൻട്രൽ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡ്. ഈ റോഡുകൾക്ക് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.