കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യാ ശ്രമം ; തക്കസമയത്ത് ഇടപെട്ട് നാട്ടുകാരൻ ജീവൻ രക്ഷിച്ചു

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ ഇന്ന് (ഫെബ്രുവരി 26) രാവിലെ വീണ്ടും ആത്മഹത്യാ ശ്രമം. പല്ലിശ്ശേരി സ്വദേശിയായ രാജേഷ് (51) ആണ് രാവിലെ ആറര മണിയോടെ കരുവന്നൂർ വലിയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. മൂർക്കനാട് സ്വദേശിയായ സേവൻകുഴി എസ് എ റഷീദിന്റെ അവസരോചിതമായ ഇടപെടലാണ് രാജേഷിന്റെ ജീവൻ രക്ഷിച്ചത്. പുഴയിൽ ചാടിയ ശേഷം ഒഴുക്കിൽ പെട്ട രാജേഷ് പുല്ലിനിടയിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് റഷീദ് സ്വന്തമായുള്ള ചെറിയ ബലൂൺ വഞ്ചിയും ട്യൂബുമായെത്തി ആളെ കയറ്റി ഉന്തിത്തള്ളി കരയിൽ എത്തിക്കുകയായിരുന്നു.

കാസർഗോഡു നിന്ന് വന്ന് പല്ലിശ്ശേരി ക്ഷേത്രത്തിന് പിറകിൽ താമസിക്കുന്ന രാജേഷ് സെക്യൂരിറ്റി ജീവനക്കാരനാണ്. കുടുംബ വഴക്കിനെ തുടർന്ന് ചേർപ്പ് പോലീസിൽ നൽകിയ പരാതിയുടെ സിറ്റിങ്ങ് ഇന്ന് ഉച്ചതിരിഞ്ഞ് നടക്കാനിരിക്കെയാണ് രാജേഷ് പുഴയിൽ ചാടിയത് എന്നറിയുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുറഞ്ഞ കാലത്തിനുള്ളിൽ കരുവന്നൂർ പാലത്തിൽ നിന്ന് ചാടിയ ഏഴു പേരിൽ ആറു പേരും മരണപ്പെട്ടു. രാജേഷ് മാത്രമാണ് രക്ഷപ്പെട്ടത്.

See also  കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: 4 പേർക്ക് പരിക്ക്

Leave a Comment