പട്ടിക്കാട് : ഒളകര ആദിവാസി കോളിനിയിൽ പുനർനിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ് നിർവഹിച്ചു. ആദിവാസി മേഖലയിലുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമാണെന്നും, അതിന് പിന്തുണ നൽകുന്ന പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നതെന്നും പി.എം അഹമ്മദ് പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും പെട്ട് തകർന്നുപോയ പാലമാണ് 10 ലക്ഷം രൂപ ചിലവഴിച്ച് സഞ്ചാരയോഗ്യമാക്കിയത്. ഇതോടൊപ്പം പുതിയ കാന നിർമ്മിക്കുകയും റോഡ് കോൺക്രീറ്റ് നടത്തുകയും ചെയ്തു. തുടർന്നുള്ള റോഡ് നിർമ്മാണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം കെ.വി സജു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പഞ്ചായത്ത് എഇ ഐ.ബി അമ്പിളി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത്പ്രസിഡന്റ് പി.പി രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, ഊരു മൂപ്പത്തി മാധവി കുട്ടപ്പൻ, സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ തുടങ്ങിയവർ സംസാരിച്ചു.
Related News