ദില്ലി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ (Rahul Gandi) കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). വാരണാസിയിലെ യുവാക്കളെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനക്കെതിരെയാണ് അതി രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി രംഗത്ത് എത്തിയത്.
ഉത്തര്‍പ്രദേശിലെ യുവാക്കളെ രാഹുല്‍ ഗാന്ധി മദ്യപാനികളായി ചിത്രീകരിച്ചെന്നാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ വാരാണാസിയില്‍ മദ്യപിച്ച് ലക്കുക്കെട്ട നിരവധി യുവാക്കളെ കണ്ടുവെന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമാണ് വാരാണാസി. അതുകൊണ്ട് തന്നെ രാഹുലിന്റെ ഈ പരാമര്‍ശം പ്രധാനമന്ത്രിയെ ചൊടിപ്പിച്ചു.
യുവാക്കളോടുള്ള കോണ്‍ഗ്രസിന്റെ മനോഭാവമാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയിലൂടെ പുറത്തായതെന്ന് വിമര്‍ശിച്ച പ്രധാനമന്ത്രി രാമക്ഷേത്രത്തെ രാഹുല്‍ ഗാന്ധി നിരന്തരം അപമാനിക്കുന്നുവെന്നും രാമക്ഷേത്രത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.