സംസ്ഥാന സെമിനാര്‍ 26ന് തിരുവനന്തപുരത്ത്

Written by Taniniram Desk

Published on:

കേരള വനിതാ കമ്മിഷനും സുശീല ഗോപാലന്‍ സ്മാരക സ്ത്രീപദവി നിയമ പഠനകേന്ദ്രവും (എസ്ജിഎല്‍എസ്) സംയുക്തമായി ഇന്ത്യന്‍ ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ നവംബര്‍ 26ന് രാവിലെ 10ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും. കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്കായി 30 ശതമാനം സംവരണം അനുവദിക്കപ്പെട്ടത് ആഘോഷിക്കപ്പെടുന്ന ഈ കാലത്തും ഇന്ത്യയില്‍ സ്ത്രീകളുടെ ലിംഗപദവിയും അവകാശങ്ങളും എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്നത് വലിയൊരു ചോദ്യമായി നിലനില്‍ക്കുന്നു. ലിംഗഭേദമന്യേ തുല്യ അവകാശം വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടന ഉണ്ടായിട്ടും അവകാശങ്ങള്‍ക്കായി സ്ത്രീകള്‍ക്ക് ഇന്നും നിരന്തര പ്രക്ഷോഭങ്ങള്‍ നടത്തേണ്ടി വരുകയാണ്. ഈ സാഹചര്യത്തെപ്പറ്റി കൂടുതല്‍ അറിയാനും ചര്‍ച്ച ചെയ്യാനുമാണ് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്.

വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എസ്.ജി.എല്‍.എസ് പ്രസിഡന്റ് അഡ്വ. സി.എസ്. സുജാത മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും നിയമപരിരക്ഷയും എന്ന വിഷയം ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് മെറിന്‍ ജോസഫ് അവതരിപ്പിക്കും. ഭരണഘടനയും സ്ത്രീസംരക്ഷണ നിയമങ്ങളും എന്ന വിഷയം കേരള വനിതാ കമ്മിഷന്റെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ അഡ്വ. പാര്‍വതി മേനോന്‍ അവതരിപ്പിക്കും. എസ്.ജി.എല്‍.എസ് സെക്രട്ടറി ഡോ. ടി. ഗീനാകുമാരി, വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, എ.ഐ.ഡി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും.

Related News

Related News

Leave a Comment