ആര്‍എംപി നേതാവായിരുന്ന ടിപി ചന്ദ്രശേഖരനെ (TP Chandrasekaran) കൊലപ്പെടുത്തിയ കേസിൽ കോടതി കഴിഞ്ഞ ദിവസം കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം (CPM) നേതാക്കൾ കീഴടങ്ങി. പത്താംപ്രതി കെകെ കൃഷ്ണന്‍, പന്ത്രണ്ടാംപ്രതി ജ്യോതി ബാബു എന്നിവരാണ് വിചാരണ കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ച വിചാരണ കോടതി വിധി കഴിഞ്ഞ ദിവസം ഹൈക്കോടതി (High court) റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് കീഴടങ്ങൽ.
തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലൻസിലാണ് കോടതിയിൽ എത്തിച്ചത്. സിപിഎം കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് ജ്യോതി ബാബു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗമാണ് കീഴങ്ങിയ രണ്ടാമത്തെ പ്രതി കെകെ കൃഷ്ണൻ. ഇരുവരെയും ജില്ലാ ജയിലിലേക്ക് മാറ്റാനും ആവശ്യമെങ്കിൽ വൈദ്യസഹായം നൽകാനും വിചാരണ കോടതി നിര്‍ദ്ദേശിച്ചു.
സിപിഎം ഒഞ്ചിയം, പാനൂർ ഏരിയ സെക്രട്ടറിമാര്‍ പ്രതികൾക്കൊപ്പം കോഴിക്കോട്ടെ കോടതിയിലെത്തിയിരുന്നു. കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധിയിൽ ഈമാസം 26ന് നാണ് ഹൈക്കോടതി വാദം കേൾക്കുക. ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിലും അന്നുതന്നെ കേരളാ ഹൈക്കോടതി വാദം കേൾക്കും.