രണ്ടുകോടി ആളുകളെ അംഗങ്ങളാക്കാനൊരുങ്ങി തമിഴ് നടൻ വിജയുടെ (Vijay) പാർട്ടിയായ തമിഴക വെട്രി കഴകം (Tamil Vetri Kadagam). തമിഴ്നാട്ടിലുടനീളം ജില്ലാ-ബൂത്തുതലങ്ങളിൽ ഇതിനായി അംഗത്വ കാമ്പയിൻ സംഘടിപ്പിക്കും. കൂടുതൽ സ്ത്രീകളെ പാർട്ടിയുടെ ഭാഗമാക്കുന്നതിന് സ്ത്രീകൾ നേതൃത്വം നൽകുന്ന പ്രത്യേക സംഘങ്ങളെ നിയോഗിക്കും. തിങ്കളാഴ്ചചേർന്ന നേതൃയോഗത്തിനുശേഷം പാർട്ടി ജനറൽസെക്രട്ടറി ബുസി ആനന്ദ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കന്നിവോട്ടുചെയ്യുന്ന സ്ത്രീകൾക്ക് പാർട്ടിയിൽ സജീവ അംഗത്വം നൽകാൻ വിജയ് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പ്രവർത്തനം വ്യാപിപ്പിക്കാൻ മൊബൈൽ ആപ്പും ഉടൻ പുറത്തിറക്കും. പാർട്ടിയുടെ നയങ്ങളും പരിപാടികളും തീരുമാനിക്കാൻ ഭാരവാഹികളുടെ യോഗം അടുത്തുതന്നെ ചെന്നൈയിൽ ചേരാനാണ് വിജയുടെ തീരുമാനം.
പാർട്ടിയുടെ ഔദ്യോഗികപ്രതിജ്ഞയും തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയിലും മതമൈത്രിയിലും ഉറച്ചു വിശ്വസിക്കുമെന്നും തമിഴ് ഭാഷയ്ക്കായി ജീവത്യാഗംചെയ്തവരുടെ പോരാട്ടം തുടരുമെന്നും ജനാധിപത്യം, സാമൂഹികനീതി, മതേതരത്വം എന്നിവയിൽ അടിയുറച്ചു പ്രവർത്തിക്കുമെന്നുമാണ് ഔദ്യോഗിക പ്രതിജ്ഞ.
പേരിൽ മാറ്റം
തമിഴക വെട്രി കഴകം എന്ന പാർട്ടിയുടെ പേരിൽ മാറ്റം വരുത്താൻ തീരുമാനും ആയിട്ടുണ്ട്. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കിയാണ് മാറ്റിയത്. പേരുമാറ്റത്തിനായി ജനറൽ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണു വിവരം. കമ്മീഷന്റെ അനുമതി ലഭിച്ചാൽ വിജയ് ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചേക്കും.
തമിഴക വെട്രി കഴകം എന്ന പേരിനെതിരെ തമിഴക വാഴ്‌വുരുമൈ കക്ഷി സ്ഥാപകൻ വേൽമുരുകൻ രംഗത്തെത്തിയിരുന്നു. ഇരുപാർട്ടികളുടെയും ചുരുക്കപ്പേര് ടിവികെ എന്നായതിനാൽ ഇത് ആളുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.