നുണപ്രചാരണംകൊണ്ട് ഇറ്റ്‌ഫോക്കിനെ തകർക്കാനാവില്ല: സംഗീത നാടക അക്കാദമി

Written by Taniniram1

Published on:

കേരള സംഗീത നാടക അക്കാദമി നടത്തിയ പതിനാലാമത് ഇറ്റ്ഫോക്കിന് തിരശ്ശീല വീഴുമ്പോള്‍ അക്കാദമിയുടെ അന്തസ്സിനേയും ആത്മവിശ്വാസത്തേയും തകർക്കുംവിധം തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരവേലകളാണ് സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍മീഡിയയിലൂടെയും ഇപ്പോള്‍ ഒരുകൂട്ടമാളുകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുവെന്നു സംഗീത നാടക അക്കാദമി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. നാടകോത്സവത്തിനായി അക്കാദമിയില്‍ എത്തിയ ഏതെങ്കിലും കലാകാരന്റെയോ പ്രേക്ഷകന്റെയോ അന്തസ്സിനേയോ ആത്മാഭിമാനത്തെയോ ചോദ്യം ചെയ്യുകയോ വ്രണപ്പെടുത്തുകയോ ചെയ്യുന്ന യാതൊരുവിധത്തിലുളള നടപടികളും അക്കാദമിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

പതിനാലാമത് നാടകോത്സവത്തിന്റെ അവസാന ദിനമായ 16-ാം തിയതി രാത്രി 11മണിയോടെ എല്ലാ പരിപാടികളും അവസാനിച്ചിരുന്നു. പരിപാടികള്‍ക്കുശേഷം പ്രേക്ഷകരൊക്കെ പിരിഞ്ഞുപോകുകയും അക്കാദമിയുടെ ഗസ്റ്റ് ആർട്ടിസ്റ്റുകളെ അവരവർക്ക് നിശ്ചയിച്ച വാഹനങ്ങളില്‍ താമസസ്ഥലത്ത് എത്തിക്കുകയും ചെയ്തിരുന്നു. നാടകോത്സവത്തിന്റെ സമാപനദിവസം എല്ലാ പരിപാടികളും അവസാനിച്ചതിനുശേഷവും ചിലനാടക പ്രവർത്തകരും അവരോടൊപ്പം ഉണ്ടായിരുന്ന കാണികളും അക്കാദമി കാമ്പസ് വിട്ടുപോകാതിരിക്കുകയും അവർ കൂട്ടമായി പാട്ടുപാടുകയും ചെയ്യുകയായിരുന്നു. നാടക കലാകാരന്മാർ കൂട്ടംചേർന്ന് പാട്ടുപാടുന്നതിനെ അക്കാദമി ഒഫീഷ്യലോ സെക്യൂരിറ്റി ഗാർഡുകളോ ചോദ്യം ചെയ്തിരുന്നില്ല. ഈ കൂട്ടത്തില്‍ അന്നേ ദിവസം നാടകം അവതരിപ്പിച്ച പാപ്പിസോറ നാടകസംഘത്തിലെ ചില കലാകാരന്മാരും ഉബുറോയ് നാടകത്തിലെ കലാകാരിയും ഉണ്ടായിരുന്നു. പാപ്പിസോറ നാടകം കൃത്യം 7 മണിക്ക് തുടങ്ങുകയും 8 മണിക്ക് അവസാനിക്കുകയും ചെയ്തിരുന്നു. നാടകത്തിലെ പ്രധാന വേഷത്തില്‍ അഭിനയിച്ച അഭിനേത്രി ഏഴ് മാസം ഗർഭിണി ആയതിനാല്‍ അവർക്ക് സഞ്ചരിക്കേണ്ടുന്ന വാഹനത്തിനുപുറമേ എന്തെങ്കിലും അത്യാവശ്യ സന്ദർഭം വരികയാണെങ്കില്‍ ഉപയോഗിക്കുന്നതിനുവേണ്ടി KL08 AR5559 എന്ന ഇന്നോവ വാഹനം അവർക്കുവേണ്ടി നാടകം തുടങ്ങുന്നതിനുമുമ്പുതന്നെ പ്രത്യേകം സജ്ജമാക്കിയിരുന്നു. പാപ്പിസോറ എന്ന മലയാള നാടകം അവതരിപ്പിച്ച രണ്ടു ദിവസങ്ങളിലും ഈ വാഹനം അവർക്കുവേണ്ടി മാത്രം ഏർപ്പാടാക്കിയിരുന്നു. പാപ്പിസോറ നാടകസംഘത്തിലെ കലാകാരന്മാരെ താമസസ്ഥലത്ത് എത്തിക്കുന്നതിനുവേണ്ടി KL08BRO803 ട്രാവലർ വണ്ടിയാണ് അക്കാദമി ഏർപ്പെടുത്തിയിരുന്നത്. 8 മണിക്ക് നാടകം അവസാനിച്ച പാപ്പിസോറ നാടകസംഘത്തിലെ കലാകാരന്മാരോട് പലതവണ ആവശ്യപ്പെട്ടിട്ടും അവർ താമസസ്ഥലത്തേക്ക് പോകാന്‍ തയ്യാറായിരുന്നില്ല. കലാകാരന്മാർക്ക് അക്കാദമി നിശ്ചയിച്ച സമയത്തിനുതന്നെ വണ്ടികള്‍ ഏർപ്പെടുത്തുകയും അവരെ ഹോട്ടലുകളില്‍ എത്തിക്കേണ്ട ഉത്തരവാദിത്വവും അക്കാദമിക്കുണ്ട്. എന്നാല്‍ രാത്രി ഒരു മണിവരെ വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടിട്ടും സംഘം തയ്യാറായിരുന്നില്ല. രാത്രി 12 മണി കഴിഞ്ഞാല്‍ അടുത്ത നിരക്കിലേക്ക് വാഹനങ്ങളുടെ വാടക മാറും എന്നുളളത് അക്കാദമിക്ക് വലിയ സാമ്പത്തിക ബാധ്യതയും വരുത്തി വയ്ക്കുന്നതാണ്. പാപ്പിസോറയിലെ കലാകാരന്മാരെ ഒഴികെയുളള എല്ലാ കലാകാരന്മാരെയും ഹോട്ടലുകളില്‍ എത്തിച്ചതിനുശേഷം രാത്രി 1 മണിക്ക് ശേഷമാണ് ഇറ്റ്ഫോക്ക് വാഹനത്തിലെ ഡ്രൈവർമാർ കാമ്പസ് വിട്ടുപോയത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തയില്‍ പാപ്പിസോറ നാടകസംഘത്തിലെ കലാകാരന്മാർക്ക് വാഹനം ലഭിച്ചില്ല എന്നു പറയുന്നത് തികച്ചും വസ്തുതാവിരുദ്ധമാണ്. കേവലം രണ്ടരകിലോമീറ്റർ ദൂരം മാത്രമുളള ഹോട്ടലിലേക്ക് പാപ്പിസോറ സംഘത്തെ കൊണ്ടുപോകാന്‍ അക്കാദമി ഏർപ്പെടുത്തിയ വാഹനവും ഡ്രൈവറും 6 മണിക്കൂറാണ് കാത്തുനിന്നത്.

See also  തിരുവനന്തപുരത്ത് കരടിയുടെ സാന്നിധ്യം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്…

രാത്രി ഒരുമണിക്കുശേഷവും തിയ്യറ്റർ കാമ്പസില്‍ പാട്ടും ബഹളവും വർദ്ധിച്ചതിനെ തുടർന്ന് അച്ചടക്കമില്ലാത്ത ചില സാഹചര്യം രൂപപ്പെട്ടതിനെ തുടർന്നാണ് പോലീസുകാർക്ക് ഈ വിഷയത്തില്‍ ഇടപെട്ടു. പോലീസുകാരോ അക്കാദമി ജീവനക്കാരോ അക്കാദമിയുടെ തന്നെ ഗസ്റ്റ്ആർട്ടിസ്റ്റുകളോട് യാതൊരുതരത്തിലുമുളള അപമര്യാദയോടെയുള്ള പെരുമാറ്റമോ, വാക്പ്രയോഗങ്ങളോ നടത്തിയിട്ടില്ല.
സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന തെറ്റായ വാർത്തകള്‍ ലോകനാടക ചരിത്രത്തില്‍തന്നെ അടയാളപ്പെടുത്തുന്ന കേരളത്തിന്റേതു മാത്രമായ ഇറ്റ്ഫോക്കിനെ അപകീർത്തിപ്പെടുത്തുക എന്ന ദുരുദ്ദേശ്യംവെച്ചുതന്നെയാണ് പ്രചരിക്കുന്നത്. തൃശ്ശൂരിലെ പ്രബുദ്ധരായ കലാസ്വാദകർ വസ്തുതാവിരുദ്ധവും അയഥാർത്ഥവുമായ വാർത്തകള്‍ വിശ്വസിക്കരുതെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു. നിക്ഷിപ്തതാല്‍പര്യക്കാരായ ഏതാനും ചിലർ ഇറ്റ്ഫോക്കിനെയും അക്കാദമിയെയും അക്കാദമി സ്റ്റാഫ് അംഗങ്ങളെയും തുടക്കം മുതല്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന പതിവുണ്ടായിരുന്നു. പക്ഷേ ഇറ്റ്ഫോക്കിനെ നാടകാവതരണങ്ങളിലൂടെ ലോക-ദേശീയ നാടകസംഘങ്ങളും പതിനായിരക്കണക്കിന് പ്രേക്ഷകരും ബഹുജനങ്ങളും ചേർന്ന് ചരിത്രസംഭവമാക്കിത്തീർത്തു. അതില്‍ നിരാശബാധിച്ചവരാണ് ഇപ്പോള്‍ അക്കാദമിക്ക് എതിരായി വേരുപിടിക്കാത്ത നുണകളുമായി രംഗത്തിറങ്ങിയിട്ടുളളത്. ഇത്തരം നുണപ്രചാരണങ്ങള്‍കൊണ്ട് ഇറ്റ്ഫോക്കിനെയും അതിന്റെ രാജ്യാന്തരപ്രസക്തിയെയും തകർക്കാനാവില്ല

Related News

Related News

Leave a Comment