എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും ഏഴ് മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പ്(Fisheries Department) രക്ഷപ്പെടുത്തി കരക്കെത്തിച്ചു. മുനക്കക്കടവ് സ്വദേശി മനാഫിന്റെ ‘ഉമ്മുൽഖുറ’ എന്ന ബോട്ട് ആണ് കടലില്‍ കുടുങ്ങിയത്. പുലർച്ചെ ചേറ്റുവ മുനക്കക്കടവിൽ നിന്നാണ് 7 മത്സ്യ തൊഴിലാളികളടങ്ങുന്ന സംഘം ബോട്ടില്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോയത്.
ചേറ്റുവയിൽ നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ പടിഞ്ഞാറ് കടലിൽ എത്തിയപ്പോള്‍ എൻജിൻ തകരാറിലായി ബോട്ട് കടലില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ ബോട്ടിലുണ്ടായിരുന്നവര്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചു.ഉടന്‍ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ എം.എഫ് പോളിന്റെ രക്ഷാപ്രവർത്തനത്തിന് നിര്‍ദേശം നല്‍കി. തല്‍ക്ഷണം ഫിഷറീസ് ജീവനക്കാര്‍ റെസ്ക്യൂ ബോട്ടുമായി കടലിലേക്ക് തിരിച്ചു. സംഭവസ്ഥലത്തെത്തിയ റെസ്ക്യൂ സംഘം മത്സ്യ തൊഴിലാളികളടങ്ങുന്ന ബോട്ട് കെട്ടിവലിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.