ടിപി ചന്ദ്രശേഖരൻ വധക്കേസിൽ (TP Chandrasekaran Murder Case) വിചാരണ കോടതിയുടെ വിധി ശരിവെച്ച് ഹൈക്കോടതി (High court). കേസിൽ തങ്ങളെ വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ കോടതി തള്ളി. പ്രതികളായ കെ.കെ.കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെ വിട്ട നടപടി ഹൈക്കോടതി റദ്ദാക്കി.
കേസിലെ ശിക്ഷാവിധിക്കെതിരെ 12 പ്രതികൾ നൽകിയ അപ്പീൽ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രോസിക്യൂഷൻ്റെ അപ്പീൽ, സി.പി.എം. നേതാവ് പി. മോഹനനടക്കമുള്ളവരെ കേസിൽ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ (KK Rama) എം.എൽ.എ. നൽകിയ അപ്പീൽ എന്നിവയാണ് കോടതി ഇന്ന് പരിഗണിച്ചത്. അപ്പീൽ നൽകി പത്താം വർഷത്തിലാണ് ഹൈക്കോടതി വിധി പറയുന്നത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകളിൽ വിധി പറഞ്ഞത്.
ആർ.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 36 പ്രതികളിൽ 12 പേരെയാണ് 2014ൽ വിചാരണ കോടതി ശിക്ഷിച്ചത്. എം.സി.അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനുമാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4നാണ് ആർഎംപി സ്‌ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിൻറെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.