എറണാകുളം : ടി.പി ചന്ദ്രശേഖരന്‍ (T P Chandrasekharan) വധക്കേസില്‍ വിവിധ അപ്പീലുകളില്‍ നാളെ ഹൈക്കോടതി വിധി പറയും. വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിലാണ് ഹൈക്കോടതി നാളെ വിധി പറയുക. ജസ്റ്റിസ്റ്റുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകളില്‍ വിധി പറയുക.
സിപിഎം (CPM) നേതാവ് പി മോഹനന്‍ (P Mohanan) ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ രമയും (K K Rama) പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, ശിക്ഷാ വിധി ചോദ്യം ചെയ്ത പ്രതികളും നല്‍കിയ അപ്പീലുകളാണ് കോടതിയുടെ പരിഗണയില്‍ വന്നത്.
ആര്‍എംപി (RMP) സ്ഥാപക നേതാവ് കൂടിയായ ടിപി ചന്ദ്രശേഖരനെ വടകരയ്ക്കടുത്ത് വള്ളിക്കാടില്‍ വച്ച് 2012 മെയ് 14 നാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷമാണ് പ്രതികള്‍ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തന്‍ (PK Kunjananthan) ഉള്‍പ്പെടെ 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 36 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. അതില്‍ സിപിഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ കോടതി വിട്ടയച്ചു. സിപിഎം വിട്ട് ഒഞ്ചിയത്ത് ആര്‍ എം പി എന്ന പാര്‍ട്ടിയുണ്ടാക്കിയതിന്റെ പക തീര്‍ക്കാനാണ് പ്രതികള്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയെന്നാണ് കേസ്.