ഗാസ : പാലസ്തീനിൽ ഒന്നരമാസം നീണ്ട ഇസ്രയേൽ അതിക്രമത്തിന് തൽക്കാല വിരാമം. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതൽ നാല് ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 ബന്ദികളെ വൈകുന്നേരം നാല് മണിയോടുകൂടി ഹമാസ് മോചിപ്പിക്കും. ഇസ്രയേൽ 39 തടവുകാരെ ഇന്ന് കൈമാറും. നാല് ദിവസത്തിനുള്ളിൽ കരാർ പ്രകാരമുള്ള ബന്ദികളെ പരസ്പരം കൈമാറിയേക്കും.മോചിപ്പിക്കാൻ ഷെഡ്യൂൾ ചെയ്ത ബന്ദികളുടെ പട്ടിക ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന് അയച്ചുനൽകിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പ്രഖ്യാപിച്ച കരാർ, അന്തിമ രൂപമായതിനു പിന്നാലെ, മധ്യസ്ഥ ചർച്ചകൾക്കു നേതൃത്വം നൽകിയ ശേഷമാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഗാസയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് ഇസ്രയേലും ഹമാസും ധാരണയിലായത്. 150 പാ ലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാർ വ്യവസ്ഥ. വെടിനിർത്തലിന് പുറമേ, ഗാസയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിക്കും.
ഗാസയിലേക്ക് പ്രതിദിനം 130,000 ലിറ്റർ ഡീസലും നാല് ട്രക്ക് ഗ്യാസും എത്തിക്കുമെന്ന് ഈജിപ്ത് അറിയിച്ചു. ദിവസേന 200 ട്രക്ക് സഹായങ്ങൾ ഗാസയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അതേ സമയം, വെടിനിർത്തൽ ആരംഭിക്കുന്നതിന് മുമ്പ് വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിക്ക് നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒറ്റരാത്രികൊണ്ട് മെഡിക്കൽ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണം വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയതായി ഇന്തോനേഷ്യൻ ചാരിറ്റി മെഡിക്കൽ എമർജൻസി റെസ്‌ക്യൂ കമ്മിറ്റി (എംഇആർ-സി) മേധാവി ഡോ സർബിനി അബ്ദുൾ മുറാദ് പറഞ്ഞു. സ്കൂളിന് നേരെ നടത്തിയ മറ്റൊരു ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇതിനകം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 14,800 ലധികം പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയുടെ ഡയറക്ടറെ ഇസ്രായേൽ അറസ്റ്റ് ചെയ്തു.
ഗാസയിൽ വെടി നിർത്തൽ പ്രാബല്യത്തിൽ…..

- Advertisement -
- Advertisement -