ഗുരുവായൂർ : ദേവസ്വം ആയുർവേദ ആശുപത്രിയിലെ കിടമത്സരം രോഗികൾക്ക് ദുരിതമാകുന്നു. ലൈംഗീക പീഡന പരാതിയിൽ ഉറച്ചു നിന്ന താൽക്കാലിക വനിതാ ജീവനക്കാരിയെ തിരക്കുള്ള ദിവസം പണിയെടുപ്പിച്ചു ഓടിക്കാൻ നടത്തുന്ന നീക്കമാണ് രോഗികൾക്ക് ദുരിതമായി മാറുന്നത്. ഞായറാഴ്‌ചയാണ് ആയുർവേദ ആശുപത്രിയിൽ രോഗികൾ കൂടുതലായി എത്തുന്നത്. ആ ദിവസം മരുന്ന് നൽകുന്ന വിഭാഗത്തിലെ രണ്ടു ജീവനക്കാർക്ക് അവധി കൊടുത്ത് താൽക്കാലിക ജീവനക്കാരിയെ കൊണ്ട് കൂടുതൽ പണിയെടുപ്പിച്ചു ബുദ്ധി മുട്ടിക്കുകയാണ് ലക്‌ഷ്യമെന്ന് ഗുരുവായൂർ നിവാസികൾ പറയുന്നു. ഇയാൾക്കെതിരെ മൊഴി കൊടുത്ത താൽക്കാലിക വനിതാ ഡോക്ടർക്കും ആവശ്യമായ അവധി നൽകാതെ മാനസികമായി പീഡിപ്പിച്ച് ഓടിപ്പിക്കാനുള്ള നീക്കവും നടക്കുന്നു.
നൂറോളം രോഗികളാണ് ഞായറാഴ്ച എത്തിയത്. ഇവർക്ക് കഷായങ്ങളും, ഗുളികകളും തൈലങ്ങളും എടുത്തു കൊടുക്കാൻ ഒരേ ഒരാൾ മാത്രവും. രോഗികളുടെ പേരും കൊടുക്കുന്ന മരുന്നുകളുടെ വിവരവും രജിസ്റ്ററിൽ എഴുതിയ ശേഷം മാത്രമേ മരുന്ന് നല്‌കാൻ പാടുള്ളൂ. ഒരാൾ തന്നെ എല്ലാ ജോലിയും ചെയ്യേണ്ടി വരുമ്പോൾ രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥ നിലനിൽക്കുന്നു. ഉച്ചക്ക് ഒരു മണിക്ക് തീരേണ്ട മരുന്ന് വിതരണം അവസാനിച്ചപ്പോൾ രണ്ടര മണി കഴിഞ്ഞു. ഭക്ഷണം കഴിക്കാത്തത് കൊണ്ട് പലരും അവശരായി ആശുപത്രി ജീവനക്കാരുടെ കിടമത്സരത്തിൽ തങ്ങളെ എന്തിന് ബലിയാടാക്കുന്നു എന്നാണ് രോഗികൾ ചോദിക്കുന്നത്. ആശുപത്രിയിലെ മെഡിക്കൽ ആഫീസർ ആയ ഡോ പ്രതിഭയുടെ എല്ലാ മോശപ്പെട്ട ഇടപാടുകൾക്കും കൂട്ട് നിൽക്കുന്ന സ്ഥിരം ജീവനക്കരൻ മനോജിൻ്റെ ലൈംഗീക ആഭാസങ്ങൾക്ക് എതിരെ ജീവനക്കാർ പ്രതികരിച്ചതോടെയാണ് ആയുർവേദ ആശുപത്രിയിലെ ഇപ്പോഴത്തെ പ്രശ്നനങ്ങൾക്ക് തുടക്കമാകുന്നത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലും ഡോ. പ്രതിഭയെ ഭയന്നാണ് നടക്കുന്നെന്നാണ് ജീവനക്കാർ പറയുന്നത്. അത് കൊണ്ടാണ് ലൈംഗീക അതിക്രമം നടക്കുന്നുണ്ട് എന്ന് പറഞ്ഞു ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ ടി രാധിക നൽകിയ റിപ്പോർട്ടിന്മേൽ നടപടി എടുക്കാൻ ദേവസ്വം മടിക്കുന്നത്. ഹൈക്കോടതി നിയമിച്ച അന്വേഷണ കമ്മീഷനിലും ജീവനക്കാർ നേരത്തെ കൊടുത്ത മൊഴിയിൽ ഉറച്ചു നിന്നതായാണ് വിവരം.