മാനന്തവാടി: വയനാട് പടമലയിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഖ്ന കർണാടക അതിർത്തിയിലേക്ക് നീങ്ങുന്നതായി പുതിയ വിവരം. ചാലിഗദ്ദ പ്രദേശത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറി മണ്ണുണ്ടി കോളനി പരിസരത്ത് കർണാടക വനാതിർത്തിയോട് ചേർന്നാണ് നിലവിൽ ആന നിലയുറപ്പിച്ചിരിക്കുന്നത്.
ആന സ്വയം കാട്ടിലേക്ക് പിൻവലിയാൻ സാധ്യതയുണ്ടോ എന്നാണ് വനംവകുപ്പ് നിലവിൽ പരിശോധിക്കുന്നത്. വനാതിർത്തിയ്ക്ക് അടുത്തായതിനാൽ ആന കർണാടക ഉൾവനത്തിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കോളനി പരിസരത്ത് ആന എത്തിയതോടെ പ്രദേശത്തെ ജനങ്ങളും ആശങ്കയിലാണ്. രാത്രി ആനയുടെ ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ, ഇത് അജീഷിനെ ആക്രമിച്ച മോഴയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാഗത്ത് നിന്നും ചേലൂർ ഭാഗത്തേക്ക് മാറ്റുന്നുവെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഇതോടെ, ചേലൂർ ഭാഗത്ത് നാല് നാല് കുങ്കിയാനകളുമുണ്ടാകും. ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട് നീങ്ങുന്നുവെന്ന സൂചനയാണിത്. ആന നിലയുറപ്പിച്ചുട്ടുള്ള കോളനി പ്രദേശത്തേക്ക് കൂടുതൽ വനവകുപ്പ് ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. ആന കാടിറങ്ങിയാല്‍ മയക്കുവെടി വെയ്ക്കാനാണ് തീരുമാനം. മയക്കുവെടിവെച്ച് പിടികൂടിയാൽ ആനയെ മുത്തങ്ങക്യാമ്പിലേക്ക് മാറ്റും.