ചെറായി : പാട്ട് കേട്ടാൽ മാമുക്കോയ പാടുന്നത് തന്നെ എന്ന് തോന്നും. മാമുക്കോയയുടെ ശബ്‌ദത്തിൽ ഗാനം ആലപിച്ച് സോഷ്യൽ മീഡിയകളിൽ തരംഗമാകുകയാണ് ഓട്ടോ ഡ്രൈവറായ അണ്ടത്തോട് ചെറായി സ്വദേശിയായ കലാഭവൻ സുൽഫി. ‘ഹലാക്കിലെ പ്രേമം’ എന്ന പേരിലാണ് ആൽബം പുറത്തിറങ്ങിയിരിക്കുന്നത്. ഹാസ്യത്തിൽ ചാലിച്ച ഗാനം ഇതിനോടകം പലരുടെയും ഇഷ്ട ലിസ്റ്റുകളിൽ ഇടം നേടി കഴിഞ്ഞു. ആൽബത്തിൽ മാമ്മുക്കോയയുടെ ഭാവങ്ങൾ അനുകരിച്ച് അഭിനയിച്ച സുൽഫിയുടെ പ്രകടനം ആരെയും അതിശയിപ്പിക്കും . ഈ ആൽബം സംവിധാനം ചെയ്‌തതും സുൽഫി തന്നെയാണ്. വരികൾ എഴുതിയതും സംഗീതം ചെയ്‌തതും അൻസാർ ചെറായിയാണ്, ഓർക്കസ്ട്ര നാസർ മാലിക്കും, മിക്സിങ് ലിജിത്ത് അഡാർസ്, ക്യാമറ ശ്യാം കണ്ണൂരും, അസോസിയേറ്റ് നിഷി പുളിയോത്ത്, എഡിറ്റിംഗ് ജർഷാജ് കോമ്മേരി, നിർമ്മാതാവ് ദുൽക്കീഫുമാണ് അണിയറയിൽ പ്രവർത്തിച്ചത്. സുൽഫിക്കൊപ്പം ദേവതീർത്ഥയാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. മാമുക്കോയയുടെ കടുത്ത ആരാധകനായ സുൽഫിയുടെ ഏറെ നാളെത്ത ആഗ്രഹമാണ് ആൽബത്തിലൂടെ പുവണിഞ്ഞിരിക്കുന്നത്.
കലാഭവനിലൂടെയാണ് സുൽഫി മിമിക്രി രംഗത്തേക്ക് കടന്നു വരുന്നത്. ചെറിയ കാലയളവിനുള്ളിൽ തന്നെ നിരവധി സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കലാഭവനിലെ ഗുരുക്കന്മാരുടെ അനുഗ്രഹമാണ് ഇത്തരം ആൽബം ചെയ്യാൻ കാരണമായതെന്നും സുൽഫി പറഞ്ഞു. 14 വർഷം മുമ്പ് അൻസാർ ചെറായി എഴുതിയ ഗാനമാണ് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയത്. ഈ ഗാനം ആൽബം ആക്കാൻ ഏറെ നാൾ അലഞ്ഞ് നടന്നെന്നും ഒടുവിൽ മാമ്മുക്കോയുടെ ശബ്‌ദത്തിൽ ഗാനം ആലപിക്കാമെന്ന് സുൽഫിയുടെ ആശയത്തിലാണ് ആൽബം യാഥാർഥ്യമായതെന്നും അൻസാർ ചെറായി പറഞ്ഞു.