‘സ്‌നേഹിത @സ്‌കൂള്‍’ കൗണ്‍സിലിംഗ് പദ്ധതിക്ക് തുടക്കമായി

Written by Taniniram1

Published on:

തൃശ്ശൂർ : ജില്ലയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ‘സ്‌നേഹിത @സ്‌കൂള്‍’ കൗണ്‍സിലിംഗ് പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ മാനസിക, സാമൂഹിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്‌കൂളിലെ ഓരോ ഇടവും ശിശു-സ്ത്രീ സൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 2023- 24 വര്‍ഷത്തെ സ്‌നേഹിത@സ്‌കൂള്‍ പദ്ധതി പ്രകാരം 14 ഹൈസ്‌കൂളുകളില്‍ മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്ക്, ലിംഗാവബോധ പരിശീലനം, ലൈഫ് സേവിങ് ടിപ്‌സ് ട്രെയിനിങ്, ജീവിതം നൈപുണ്യ പരിശീലനം, സൈബര്‍ സെക്യൂരിറ്റി പരിശീലനം, മോട്ടിവേഷന്‍ ക്ലാസുകള്‍, വ്യക്തിഗത കൗണ്‍സിലിംഗ് സെക്ഷൻ ജെന്‍ഡര്‍ ക്ലബ് രൂപീകരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ സംഘടിപ്പിക്കുന്നത്. കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സ്‌നേഹിതാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് മഞ്ജു സജി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ. എ കവിത പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍ പി അഭിലാഷ്, പ്രധാന അധ്യാപിക എ അഫ്‌സത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ജി ഗീത, പ്രോഗ്രാം സര്‍വീസ് പ്രൊവൈഡര്‍ ടി.എം ദീപ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മെല്ല വേണു, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഈസി എക്‌സാം എന്ന വിഷയത്തില്‍ സ്‌നേഹിത കൗണ്‍സിലര്‍ കെ സിജി ക്ലാസുകള്‍ നയിച്ചു.

Leave a Comment