കൊച്ചി: ദത്തെടുത്ത പെണ്‍കുട്ടിയുമായി ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ ദത്ത് റദ്ദാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.
ലുധിയാനയിലെ നിഷ്‌കാം സേവാശ്രമത്തില്‍ നിന്ന് ദത്തെടുത്ത പെണ്‍കുട്ടിയെ തിരിച്ചയയ്ക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള തിരുവനന്തപുരത്തെ ദമ്പതികളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.
രക്ഷിതാക്കള്‍ കൈയൊഴിഞ്ഞ പെണ്‍കുട്ടിയുടെ സംരക്ഷണത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി സംസാരിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയും സഹാനുഭൂതിയുള്ള വ്യക്തിയുടെ സേവനം ആവശ്യമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
അമിക്കസ് ക്യൂറിയായി അഡ്വ. പാര്‍വതി മേനോനെ നിയോഗിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 16 നാണ് മകന്‍ മരിച്ച ദു:ഖം മറക്കാന്‍ 13കാരിയെ ദമ്പതികള്‍ ദത്തെടുക്കുന്നത്. പെണ്‍കുട്ടിക്ക് അവരെ മാതാപിതാക്കളായി അംഗീകരിക്കാന്‍ കഴിയാതിരുന്നതോടെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കുകയായിരുന്നു.
പിന്നീട് ദത്ത് റദ്ദാക്കി കുട്ടിയെ തിരിച്ചയയ്ക്കാന്‍ തിരുവനന്തപുരം കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അതും ഫലം കണ്ടില്ല. ലുധിയാനയിലെ ആശ്രമവും കുട്ടിയെ തിരിച്ചെടുക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ദത്ത് റദ്ദാക്കി തരണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി
Written by Taniniram Desk
Updated on: