കൊൽക്കത്ത : ആസാമിൽ മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശ്(Bangladesh), മ്യാൻമർ(Myanmar) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപെടെ 24 പേർക്കെതിരെ എൻഐഎ(NIA) നടപടി. വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി ബംഗ്ലാദേശി പൗരൻമാരെയും മ്യാൻമർ വംശജരായ റോഹിങ്ക്യകളെയും ഇന്ത്യയിലേക്കെത്തിക്കുന്നവരാണ് ഇവരെന്ന് അന്വേഷണ ഏജൻസി പറഞ്ഞു. 4 ബംഗ്ലാദേശികളും ഒരു മ്യാൻമർ വംശജനായ റോഹിങ്ക്യൻ പൗരനും പ്രതികളിൽ ഉൾപെടും. യാത്രാ രേഖകളില്ലാതെ മനുഷ്യക്കടത്ത് സംഘത്തിന്റെ സഹായത്തോടെ വിദേശികൾ ഇന്ത്യയിലേക്ക് കടക്കുന്നതായും എൻ ഐ എ പറഞ്ഞു.
മനുഷ്യക്കടത്ത് സംഘം സ്ത്രീകളെയും പെൺകുട്ടികളെയും പലതരത്തിൽ ചൂഷണം ചെയ്യുന്നതായും എൻ ഐ എ അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിലും ത്രിപുര, ആസാം, ജമ്മു – കശ്മീർ, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലെ 39 സ്ഥലങ്ങളിൽ നിന്ന് 29 പേരെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു.