തിരുവനന്തപുരം : വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നടി സുഹാസിനിയെ സി പി ഐ (CPI) സ്ഥാനാർഥിയാക്കാൻ നീക്കം. തലസ്ഥാനത്തു നിന്ന് നാലാം തവണ ജനവിധി തേടുന്ന ശശി തരൂരിനെതിരെ സുഹാസിനിയെ മത്സരിപ്പിക്കാനാണ് സി പി എം ആലോചന. സി പി ഐ യുടെ മണ്ഡലമായ തിരുവനന്തപുരത്ത് സുഹാസിനിയെ മത്സരിപ്പിക്കാം എന്ന നിർദേശം കൊണ്ട് വന്നത് സി പി എം ആണ്. എന്നാൽ മണ്ഡലത്തിൽ തങ്ങളുടെ തന്നെ സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് സി പി ഐ. മുൻ എം പി പന്ന്യൻ രവീന്ദ്രൻ ആണ് മത്സരിക്കുക എന്ന വാർത്ത വന്നിരുന്നെങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ചിരുന്നു. പാർട്ടി സ്ഥാനാർഥി തന്നെ വേണമെന്ന സി പി ഐയുടെ നിലപാടിന്റെ പിന്നിൽ നഷ്ട്ടപ്പെട്ട ദേശീയ പദവി വീണ്ടെടുക്കുക എന്ന ഉദ്ദേശം കൂടി ഉണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്ന് വന്ന പശ്ചിമ ബംഗാൾ, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും മോശം പ്രകടനത്തെ തുടർന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ സി പി ഐയുടെ ദേശീയ പാർട്ടി പദവി കഴിഞ്ഞ ഏപ്രിലിൽ പിൻവലിച്ചിരുന്നു.
ഇതാദ്യമായല്ല സി പി എം, സി പി ഐയ്ക്ക് സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ആശയം നൽകുന്നത്. എം എൻ ഗോവിന്ദൻ നായർ, കെ വി സുരേന്ദ്രനാഥ്, പി കെ വാസുദേവൻ നായർ തുടങ്ങിയ തലപ്പൊക്കമുള്ള നേതാക്കളെ മത്സരിപ്പിച്ച ചരിത്രം സി പി ഐയ്ക്ക് ഉണ്ടെങ്കിലും, നിലവിൽ അങ്ങനെയൊരു സ്ഥാനാർത്ഥി ഇല്ലാത്ത പ്രതിസന്ധി സി പി ഐ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സി പി എം പേര് മുന്നോട്ട് വയ്ക്കുന്നത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ സുഹാസിനി രാഷ്ട്രീയത്തിൽ സജീവമല്ലെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ ഇടതു സർക്കാർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. അപ്പോഴെല്ലാം കേരളത്തിലെ ഭരണമികവിനെക്കുറിച്ചും കേരളം തനിക്ക് എത്ര മേൽ പ്രിയപ്പെട്ടതാണ് എന്നുമൊക്കെ അവർ സംസാരിച്ചിരുന്നു. സിനിമാ പ്രവർത്തനങ്ങളും അവർ നേതൃത്വം നൽകുന്ന ‘നാം ഫൌണ്ടേഷൻ’ എന്ന എൻ ജി ഓയുടെ നടത്തിപ്പിലുമാണ് സുഹാസിനി ഇപ്പോൾ കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.