മുഖഛായ മാറ്റി കോവളം (Kovalam)ജനമൈത്രി പൊലീസ്

Written by Taniniram Desk

Updated on:

ശ്യാം വെണ്ണിയൂര്‍

കോവളം:നഗരസഭയിലെ പങ്കുളം(Pankulam) വാർഡിൽ ഇ.എം.എസ് ഭവന സമുച്ഛയം റോഡിന് സമീപം താന്നിവിളയിലെ കുടുംബത്തിന് പ്രത്യാശ നൽകി കോവളം(Kovalam) ജനമൈത്രി പൊലീസ്. കിടപ്പു രോഗിയായ അച്ഛനും രണ്ട് പെൺമക്കളുമടങ്ങുന്ന ശോഭയുടെ കുടുംബത്തിനാണ് അടച്ചുറപ്പുള്ള ഭവനമൊരുക്കി കോവളം (Kovalam)ജനമൈത്രി പൊലീസ് മാതൃകയായത്. നിർമ്മാണം പൂർത്തിയായ വീടിൻ്റെ താക്കോൽ സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ചകിലം ശോഭയ്ക്കും കുടുംബത്തിനും കെെമാറി. കേരള പൊലീസിൻ്റെ പ്രശാന്തി പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ പരിധിയിൽ വരുന്ന കിടപ്പു രോഗികളുടെ വിവരശേഖരണവും നിലവിലെ അവസ്ഥയും അന്വേഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോവളം ജനമൈത്രി സി.ആർ.ഒ യും ബീറ്റ് ഓഫീസർമാരുമായ ബിജു , രാജേഷ് എന്നിവർ ശോഭയുടെ സുരക്ഷിതമല്ലാത്ത വീടിൻ്റെ ദുരിതക്കാഴ്ച നേരിൽ കണ്ടതാണ് വഴിത്തിരിവായത്.

ശോഭയുടെ ജീവിതകഥ…

ഒരു ശുചിമുറിപോലുമില്ലാത്ത വീടിൻ്റെ മേൽക്കൂര കാറ്റാടിച്ചാൽ പറന്നു പോകുന്ന തരത്തിലുള്ള ഷീറ്റുകളായിരുന്നു. ജനൽ പാളികൾക്ക് പകരമുണ്ടായിരുന്നത് ഫ്ളക്സ് ബോർഡുകളും . 2006 ൽ വാഴമുട്ടത്തിനടുത്ത് പാറവിളയിൽ വാടകക്ക് താമസിക്കുന്ന സമയത്ത് മത്സ്യതൊഴിലാളിയായ ജയപാലന്റെ ഭാര്യ കൃഷ്ണമ്മയ്ക്ക് വീടു വെക്കുന്നതിന് നഗരസഭയിൽ നിന്നും 75,000 രൂപ അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് കൃഷ്ണമ്മ മരണപ്പെട്ടു. ഇതിന് ശേഷമാണ് ഇപ്പോൾ താമസിക്കുന്ന രണ്ടര സെന്റ് ഭൂമിയിലെ വീടു പണി തുടങ്ങിയത്. പണി തുടങ്ങിയ കാലത്ത് തന്നെ ശോഭയെ അവരുടെ ഭർത്താവ് ഉപേക്ഷിച്ച് പോയത് തിരിച്ചടിയായി. ഇതോടെ ശോഭയും മക്കളും അച്ഛനായ ജയപാലന്റെ സംരക്ഷണയിലായി.

അധികം വൈകാതെ ജയപാലൻ പക്ഷാഘാതം ഉണ്ടായി കിടപ്പിലായതോടെ വീടിന്റെ നിർമ്മാണവും നിലച്ചു. തുടർന്ന് മക്കളായ വിനിത ,വിജിത്ര എന്നിവരെയും അച്ഛൻ ജയപാലനെയും സംരക്ഷിക്കേണ്ട ബാധ്യത ശോഭയുടേതായി. അച്ഛൻ കിടപ്പിലായതോടെ ശോഭക്ക് ജോലിക്ക് പോകാൻ കഴിയാതെയായത് ദുരിതം വർദ്ധിപ്പിച്ചു. പൂർത്തിയാകാത്ത വീട്ടിലെ പതിനേഴും ഏഴും വയസുള്ള പെൺകുട്ടികളും കിടപ്പിലായ വയോധികനുമടങ്ങിയ കുടുംബത്തിൻ്റെ ദുരവസ്ഥ കോവളം എസ്.എച്ച് .ഓ ആയിരുന്ന ബിജോയിയെ ബീറ്റ് ഓഫീസർമാർ അറിയിച്ചതിനെ തുടർന്ന് ജനമൈത്രി സമിതി യോഗത്തിൽ ചർച്ചചെയ്ത് വീടു പണി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. കോൺട്രാക്റും ജീവകാരുണ്യ പ്രവർത്തകനുമായ വിൻസെൻ്റ് ഡേവി വീടു പണി ഏറ്റെടുത്ത പിന്നാലെ സുമനസുകളുടെ സഹായത്തോടെയും നാല് ലക്ഷത്തോളം രൂപ ചെലവിട്ട് ഹാൾ, അടുക്കള, രണ്ട് ബെഡ് റൂം , ബാത്ത്റൂം എന്നിവ ഉള്‍പ്പടെയുള്ള ഒരു വീട് പൂർത്തിയായി; അതും വെറും മൂന്ന് മാസം കൊണ്ട് .

ഇന്നലെ രാവിലെ നടന്ന ഗൃഹപ്രവേശന ചടങ്ങിൽ സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിനൊപ്പം ഫോർട്ട് അസി.കമ്മീഷണർ ബിനുകുമാർ.എം.കെ , കോവളം ,എസ്.എച്ച്.ഒ സജീവ്ചെറിയാൻ , പൂങ്കുളം കൗൺസിലർ പ്രമീള, പഞ്ചായത്തംഗങ്ങളായ ബൈജു, ഗീതമുരുകൻ, അഷ്ടപാലൻ തുടങ്ങിയവർ പങ്കെടുത്തു.വീടിൻ്റെ നിർമ്മാണ പ്രവർത്തങ്ങൾ കോ ഓർഡിനേറ്റ് ചെയ്ത ജനമൈത്രി സി.ആർ.ഒ ബീറ്റ് ഓഫീസർ ഗ്രേഡ് സബ് ഇൻസ്പെക്ടർ ബിജുവിനെ സിറ്റി പോലീസ് കമ്മീഷണർ അഭിനന്ദിക്കുകയും ഇനിയും ഇങ്ങനെയുള്ള ആൾക്കാർക്കൊപ്പം ഞങ്ങൾ ഉണ്ടാകുമെന്നും അറിയിച്ചു.

Leave a Comment