ദെഹ്റാഡൂൺ : ജയ്ശ്രീറാം വിളികൾക്കിടയിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചു. ബിൽ പാസായാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. തിങ്കളാഴ്ച ആരംഭിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ബിൽ അവതരണം. ദേവഭൂമിയായ ഉത്തരാഖണ്ഡിന് ഇന്നൊരു പ്രത്യേക ദിവസമാണെന്നും രാജ്യത്തെ ഭരണഘടനാ നിർമാതാക്കളുടെ നിർദേശങ്ങൾക്ക് അനുസൃതമായി, ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിന് അർത്ഥം നൽകുന്നതാണ് സർക്കാരിന്റെ നടപടിയെന്നും ബിൽ അവതരണത്തിന്റെ മുന്നോടിയായി മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. അഞ്ചംഗ സമിതി കൈമാറിയ ഏകീകൃത സിവിൽ കോഡിന്റെ കരടിന് കഴിഞ്ഞ ഞായറാഴ്ച ആണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയത്. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വാഗ്ദാനമായിരുന്നു.
റിട്ട. സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി നാലു വോള്യങ്ങളിലായി 749 പേജുള്ള കരട് റിപ്പോര്‍ട്ടില്‍ നിരവധി നിർദേശങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂര്‍ണ്ണമായ നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടി അടക്കം നിർദേശങ്ങളിൽ ഉൾപ്പെടുന്നു. നിർബന്ധിത വിവാഹ രെജിസ്ട്രേഷൻ, പെൺകുട്ടികളുടെ വിവാഹപ്രായം വർധിപ്പിക്കൽ, വിവാഹത്തിന് മുൻപുള്ള വിദ്യാഭ്യാസം, വിവാഹം രജിസ്റ്റർ ചെയ്യാത്ത ദമ്പതികൾ സർക്കാർ സൗകര്യങ്ങൾക്ക് അർഹരല്ല തുടങ്ങിയ ശുപാർശകൾ റിപ്പോർട്ടിലുണ്ട്.