ഗുരുവായൂർ : സാഹിത്യകാരന്മാർക്ക് നൽകുന്ന പുരസ്‌കാരങ്ങളുടെ മഹത്ത്വം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. പുരസ്‌കാരങ്ങൾ ഏതായാലും ആര് തരുന്നുവെന്നത് പ്രധാനമാണ്. അല്ലെങ്കിൽ അവ കൈ പൊള്ളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ മർച്ചന്റ്സ് അസോസിയേഷന്റെ വ്യാപാരിക്കൂട്ടായ്മയും സാംസ്കാരികസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു എം. മുകുന്ദന്റെ പരാമർശം.
അസോസിയേഷൻ്റെ ജനറൽ സെക്രട്ടറി കൂടിയായ റഹ്മാൻ തിരുനെല്ലൂരിന്റെ ‘ പുരാഗന്ധം ‘ നോവലിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. കവി റഫീഖ് അഹമ്മദ് നോവൽ ഏറ്റുവാങ്ങി. മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. കവി രാധാകൃഷ്ണൻ കാക്കശ്ശേരിയെ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ്റ് ടി.എൻ. മുരളി, കെ.വി. മോഹനകൃഷ്ണൻ, സുരേന്ദ്രൻ മങ്ങാട്ട്, ഡോ. സോയ ജോസഫ്, ജി.കെ. പ്രകാശൻ, കെ.എസ് ശ്രുതി, എൻ. പ്രഭാകരൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.