തൃശൂർ : ലോക്സസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസിൻ്റെ മഹാസമ്മേളനം നാളെ തൃശൂരിൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ എംപി അധ്യക്ഷത വഹിക്കും. ശനിയാഴ്ച വൈകുന്നേരം 3.30 ന് തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ ഒരു ലക്ഷത്തോളം പേർ അണിനിരക്കും. സംസ്ഥാനത്തെ 25,177 ബൂത്തുകളിൽ നിന്ന് ബൂത്ത് പ്രസിഡൻ്റ്, വനിതാ വൈസ് പ്രസിഡന്റ്, ബിഎൽഎമാർ എന്നിങ്ങനെ മൂന്ന് പേർ അടങ്ങുന്ന 75000ത്തിൽപ്പരം പ്രവർത്തകരും മണ്ഡലം മുതൽ എഐസിസി തലം വരെയുള്ള കേരളത്തിൽ നിന്നുള്ള ഭാരവാഹികളും ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുക്കും. ബൂത്ത് ശാക്തീകരണത്തിലൂടെ കോൺഗ്രസിൻ്റെ പ്രവർത്തനക്ഷമത അടിമുടി മാറ്റിമറിക്കുന്നതിന് സമ്മേളനം തുടക്കം കുറിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബിഎൽഎ എന്നിവരുമായി നേരിട്ട് സംവാദം നടത്തും എന്നതാണ് തൃശൂർ നടക്കുന്ന മഹാസമ്മേളനത്തിന്റെ പ്രത്യേകത. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലും ബൂത്തു തലം വരെയുള്ള ഭാരവാഹികളുമായി സംവദിക്കുന്ന മഹാസമ്മേളനം വിളിച്ചുചേർക്കുന്നത്.
കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, സാഡി.എഫ് കൺവീനർ എം.എം ഹസൻ തുടങ്ങിയവർ പങ്കെടുക്കും