സാർവ്വദേശീയ സാഹിത്യോത്സവത്തിൻ്റെ ഭാഗമായി കേരള സാഹിത്യ അക്കാദമിയിൽ വേദി മൂന്ന് പൊരുളിൽ ഇന്ന് അരങ്ങേറിയത് തികച്ചും വ്യത്യസ്തമായ പരിപാടിയായിരുന്നു. വിവിധ ജില്ലകളിൽ നിന്നുമായി അറുപതോളം കുട്ടികൾ കുട്ടിക്കൂട്ടം എന്ന സംവാദ പരിപാടിയുടെ ഭാഗമായി . സി. ആർ ദാസ് ,എൻ പി ഹാഫിസ് മുഹമ്മദ് ,താര അതിയടത്ത് എന്നിവർ കുട്ടിക്കൂട്ടത്തിന് നേതൃത്വം നൽകി. മാറുന്ന കാലത്ത് കുട്ടികളുടെ വായനയും എഴുത്തും എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾ ചർച്ച നടത്തുകയും അവതരിപ്പിക്കുകയും ചെയ്തപ്പോൾ വേദിയും സദസ്സും ഒരുപോലെ അവരോടൊപ്പം ചേർന്നുനിന്നു .പുതു തലമുറയിലെ വായനയും സമയപരിപാലനവും ആശയവിനിമയവും ശാസ്ത്രവും കൃഷിയും അവർക്കു മുന്നിൽ സംവാദ വിഷയങ്ങളായി. മറ്റു സാഹിത്യോത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദ്യമായാണ് സർക്കാർ നേരിട്ട് സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഉള്ളടക്കത്തിൻ്റെ സമൃദ്ധി കൊണ്ടും വിഷയങ്ങളുടെ മനോഹാരിത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും കുട്ടിക്കൂട്ടം അതീവ ശ്രദ്ധ നേടി.
Related News