വഴിയോരത്തും വായന വിളയിച്ച് ഷംനാദ്

Written by Taniniram1

Published on:

കൊതിമൂത്തു പറിക്കാനാഞ്ഞു
അപ്പോൾ അരുതെന്ന് പിൻവിളി
എങ്കിലും പൂക്കൾ തലയാട്ടി വിളിച്ചു…

ഒരു പുസ്തകക്കച്ചവാടക്കാരന്റെ തൂലികയിൽ നിന്നുമുള്ള വരികളാണിവ.
പുസ്തകങ്ങൾ ജീവിതമാർഗമല്ല ജീവിതം തന്നെയാണ് ഈ 35 കാരനെന്നതിന് ഇതിലും വലിയ ഉദാഹരണം വേറെ വേണമെന്ന് തോന്നുന്നില്ല. ലോകോത്തര പ്രശസ്തി ആർജിച്ച പുസ്തകങ്ങൾ ലഭിക്കുന്ന സാഹിത്യമേള ആരവങ്ങളോടെ അരങ്ങേറുമ്പോഴും
ഷംനാദിന്റെ കച്ചവടം യാതൊരു കുറവുമില്ലാതെ മുന്നോട്ടുപോകുന്നു. ഏഴ് ദിവസം നീണ്ടു നിന്ന ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിന്റെ അവസാന ദിവസമായ ഇന്നും, ഷംനാദ് പൂർണ സന്തോഷത്തിലാണ്. പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഇത്ര സന്തോഷം ഷംനാദിന്റെ മുഖത്ത് പ്രകടമാവണമെങ്കിൽ തന്റെ ജീവിതത്തിലുടനീളം പുസ്തകങ്ങളെ നെഞ്ചിലേറ്റിയാണ് ഈ ചെറുപ്പക്കാരൻ വളർന്നത് എന്നതിൽ സംശയമില്ല. നോവൽ, സൈക്കോളജി, സയൻസ്, കുട്ടികളുടെ പുസ്തകങ്ങൾ, കവിതകൾ, എന്നീ വിഭാഗങ്ങളിലായി അൻപതിനായിരത്തിൽപ്പരം പുസ്തകങ്ങളാണ് ഷംനാദിന്റെ കടയിൽ അടുക്കിവെച്ചിരിക്കുന്നത്.
പ്രശസ്ത സാഹിത്യകാരന്മാരായ എം. മുകുന്ദൻ, ആനന്ദ്, വൈശാകൻ മാഷ്, സാറ ടീച്ചർ എന്നിവരെല്ലാം തന്റെ കടയിൽ പുസ്തകങ്ങൾ വാങ്ങാനെത്തിയത് പറയുമ്പോൾ ഷംനാദിന്റെ കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കം കാണാം. 40 വർഷമായി തൃശൂർ സ്വരാജ് റൗണ്ടിൽ പുസ്തകക്കട നടത്തുകയാണ് ഷംനാദിന്റെ ഉപ്പയും. ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പുസ്തകം ഏതെന്ന ചോദ്യത്തിന് എന്റെ പുസ്തകം എന്നായിരുന്നു ഒരു ചെറു പുഞ്ചിരിയോടെ ഷംനാദിന്റെ മറുപടി. ഇരുപത് വർഷമായി വഴിയോരപുസ്തകശാല നടത്തുന്ന ഈ പത്താംക്ലാസ്സുകാരൻ കുട്ടിക്കാലം മുതലേ പുസ്തകവായനയിലൂടെയാണ് സന്തോഷം കണ്ടെത്തിയിരുന്നത്. ഇതുതന്നെ ആയിരിക്കാം 2009 – ൽ ഷംനാദിന്റെ കവിതാസമാഹാരമായ ‘ എപ്പിസോഡ് ‘ പുറത്തിറങ്ങാൻ വഴിവച്ചതും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു തൃശൂർ മേയർ ആയിരിക്കേ ഷംനാദിന്റെ ‘ എപ്പിസോഡ് ‘ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. തുടർന്ന് 2018 ൽ എപ്പിസോഡിന്റെ രണ്ടാം ഭാഗവും ഷംനാദ് പുറത്തിറക്കി. തന്റെ ജീവിതാനുഭവങ്ങളും താൻ പരിജയപ്പെടുന്നവരുമായി സംസാരിച്ചുള്ള അനുഭവങ്ങളുമാണ് ഷംനാദ് കവിതകളിലൂടെ പറയുന്നത്. ജീവിതം ക്ലാസ്സിലിരുന്ന് പഠിച്ചതുകൊണ്ട്മാത്രം വയറുനിറക്കാനാകില്ലെന്നും തൊഴിൽ ജീവിതത്തിലൂടെയും ജീവിത വിജയത്തിനുള്ള അടിത്തറപകാമെന്നുമുള്ള ഉദാഹരണം കാണിച്ചുതന്ന ഷംനാദ്, തന്റെ മൂന്നാമതായി പുറത്തിറങ്ങാൻ പോകുന്ന അനുഭവക്കുറിപ്പിന്റെ പണിപ്പുരയിലാണിപ്പോൾ.

കാവ്യ രാജേഷ്

Leave a Comment