തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ വികസനത്തിനായി ടി.എൻ. പ്രതാപൻ എംപി യുടെ എംപി ഫണ്ടിൽ നിന്നും 15 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും 7 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ.
അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിൽ നടത്തിയ എംപി ഫണ്ട് അവലോകന യോഗത്തിലാണ് ഡിപിഒ ഇക്കാര്യം അറിയിച്ചത്.
എംപി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് അവലോകനയോഗം ചേർന്നത്. എംപി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പ്രവർത്തികളുടെ പുരോഗതി യോഗം വിലയിരുത്തി.
2023 – 24 വർഷത്തെ എംപി ഫണ്ടിൽ നിന്നും 100ൽപ്പരം മിനി മാസ്റ്റ് ലൈറ്റുകൾക്കും ഹൈമാസ്റ്റ് ലൈറ്റുകൾക്കും ശുപാർശ നൽകിയിട്ടുണ്ട്. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ ഏകദേശം 22 ഓളം മിനി മാസ്റ്റ്, ഹൈമാസ് ലൈറ്റുകളും, ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് മുൻസിപ്പാലിറ്റി പരിധിയിൽ ഏകദേശം 72 ൽപ്പരം മിനി മാസ്റ്റ്, ഹൈമാസ് ലൈറ്റുകളുമാണ് ശുപാർശ നൽകിയിട്ടുള്ളത്. കൂടാതെ പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളുടെ നിർമാണത്തിനും എസ്.സി, എസ്.ടി വിഭാഗക്കാരുടെ വികസനത്തിനും വിവിധ മേഖലയിലുള്ള പ്രവർത്തനത്തിനുമായി ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഡിപിഒ നിർദ്ദേശം നൽകി.
അവലോകനയോഗത്തിൽ ഫിനാൻഷ്യൽ ഓഫീസർ, വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.