തൃശൂർ : അമിത പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപം സ്വീകരിച്ചു പണം തിരികെ നൽകാതെ വഞ്ചനാകുറ്റം ചെയ്ത അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്(Avathar Gold and Diamonds) ജ്വല്ലറിയുടെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ താൽക്കാലികമായി ജപ്‌തി ചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. പ്രതികളുടെ ജില്ലയിലെ എല്ലാ വസ്തുക്കൾ കണ്ടുകെട്ടുന്നതിന് റിപ്പോർട്ട് തഹസിൽദാർമാർ തയ്യാറാക്കും.
ജില്ലാ രജിസ്ട്രാർ പ്രതികളുടെ സ്വത്തുക്ക ളുടെ തുടർന്നുള്ള വില്പന നടപടികൾ താൽക്കാലികമായി മരവിപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട എല്ലാ സബ് രജിസ്ട്രാർ ഓഫീസർമാർക്കും അടിയന്തരമായി നൽകും. പ്രതികളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത എല്ലാ മോട്ടോർ വാഹനങ്ങളുടെയും പട്ടിക തൃശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ തയ്യാറാക്കി കളക്ട്രേറ്റിലേക്കും ജില്ലാ പോലീസ് മേധാവിക്കും കൈമാറും.
പ്രതികളുടെ പേരിൽ ജില്ലയിലെ ബാങ്കുകൾ ട്രഷറികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരംഭിച്ച എല്ലാത്തരം അക്കൗണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുന്നതിനാവശ്യമായ നടപടികൾ എല്ലാ സ്ഥാപന മേധാവിമാരും അടിയന്തരമായി സ്വീകരിക്കണം. ജില്ലയിലെ എല്ലാ ബാങ്ക് മാനേജർമാർക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകാൻ തൃശൂർ ലീഡ് ബാങ്ക് മാനേജറെ ചുമതലപ്പെടുത്തി.
ഉത്തരവ് ജില്ലയിൽ ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിന് തൃശൂർ സിറ്റി,റൂറൽ ജില്ലാ പോലീസ് മേധാവിമാർ, തൃശൂർ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ എന്നിവർക്കാണ് ചുമതല. കോടതിയിൽ ഹർജി ഫയൽ ചെയ്യേണ്ടതിനാൽ കണ്ടുകെട്ടൽ നടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് അടിയന്തരമായി കലക്ട്രേറ്റിൽ ലഭ്യമാക്കണമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.