ജാങ്കോ അവൻ ആള് പുലിയാണ്….

Written by Taniniram Desk

Updated on:

വര്‍ക്കല: കൊലപാതകശ്രമ കേസില്‍ പിടികൂടിയ പ്രതികള്‍ പോലീസിനെ ആക്രമിച്ചു രക്ഷപെടാന്‍ ശ്രമിച്ചു. പ്രതികളെ പിടികൂടാന്‍ സഹായിച്ചത് പോലീസ് സ്‌റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായ. പൊലീസുകാർ സ്നേഹത്തോടെ ജാങ്കോയെന്ന് വിളിക്കുമ്പോൾ സൗമ്യനായി വാലാട്ടുന്ന നായയാണ് ഹീറോ ആയത്. പകലും രാത്രിയും സ്റ്റേഷന് കാവലാണ് ജാങ്കോ.

കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെ അയിരൂര്‍ പോലീസ് സ്‌റ്റേഷനിലാണ് നാടകീയ സംഭവം. ചാവര്‍കോട് സ്വദേശി അനസ് ഖാന്‍, അയിരൂര്‍ സ്വദേശി ദേവനാരായണന്‍ എന്നിവരാണ് അയിരൂര്‍ പോലീസിനെ വെട്ടി പരിക്കേല്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കൊല്ലം പരവൂര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു കേസില്‍ പ്രതിയായിട്ടുള്ള അനസ് ഖാനെയും അയിരൂര്‍ സ്‌റ്റേഷനിലെ കൊലപാതക ശ്രമകേസില്‍ പ്രതിയായ ദേവനാരായണന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ പ്രതികള്‍ ഇരുവരും പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

അനസ് ഖാന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന വെട്ടു വാള്‍ കൊണ്ട് വീശി പരിഭ്രാന്തി പടര്‍ത്തി. ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസ് പിന്തുടരുകയും ചെയ്തു. സ്‌റ്റേഷന്‍ പരിസരത്ത് സ്ഥിരമായി ചുറ്റി തിരിയുന്ന തെരുവുനായ പോലീസിന് പ്രതികളെ പിടികൂടാന്‍ സഹായകമാവുകയായിരുന്നു. നായ അതിവേഗം പിന്തുടര്‍ന്ന് പ്രതികളെ തടഞ്ഞത് കാരണം പ്രതികള്‍ക്ക് ഓടി രക്ഷപെടാന്‍ കഴിഞ്ഞില്ല. ഓടിയെത്തിയ സിപിഒ ബിനു പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇടത് കൈമുട്ടിന് വെട്ടേറ്റു. തുടര്‍ന്നും പ്രതികള്‍ കത്തി കൈമാറി വീശിയെങ്കിലും പോലീസുകാര്‍ സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു. ഇരു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടത്തിയിട്ടുണ്ട്.

Related News

Related News

Leave a Comment