നാടകത്തിന്റെ ലോകവേദികൾ തീർക്കാനൊരുങ്ങി ഇറ്റ്ഫോക്

Written by Taniniram1

Published on:

ആറ് അരങ്ങുകളിലായി എട്ട് ദിനരാത്രങ്ങളിൽ 47 നാടകാവതരണങ്ങൾ. ഏഴാമത്തെ വേദിയിൽ സംഗീത പരിപാടികൾ. തൃശൂരിൽ തയ്യാറാകുന്നത് അരങ്ങൊഴിയാത്ത നാടകത്തിന്റെ ലോകവേദികൾ. ഫെബ്രുവരി 9 മുതൽ 16 വരെ നടക്കുന്ന രാജ്യാന്തര നാടകോത്സവത്തിൽ നാടകപ്രവർത്തകർക്കും അഭിനയവും വേഷപ്പകർച്ചകളും കാണാനെത്തുന്ന ആസ്വാദകർക്കുമായി കേരള സംഗീത നാടക അക്കാദമിയിൽ വേദികൾ ഒരുങ്ങുന്നു. കെ ടി മുഹമ്മദ്‌ തീയറ്റർ ( Regional theater ), മുരളി തിയറ്റർ, തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സ്, ടൗൺ ഹാൾ, സ്കൂൾ ഓഫ് ഡ്രാമ ക്യാമ്പസ്, പാലസ് ഗ്രൗണ്ട് എന്നിങ്ങനെ ആറ് സ്റ്റേജുകളാണ് ലോക നാടകവേദികളാകാൻ സജ്ജമായിക്കൊണ്ടിരിക്കുന്നത്.

ഇതിൽ കെ ടി മുഹമ്മദ് സ്മാരക തിയറ്ററിൽ 550 പേർക്കും ബ്ലാക്ക് ബോക്സിൽ 150, ആക്ടർ മുരളി തിയറ്ററിൽ 500, പാലസ് ഗ്രൗണ്ടിൽ 550, ടൗൺ ഹാളിൽ 200, സ്കൂൾ ഓഫ് ഡ്രാമ ക്യാമ്പസിൽ 300 എന്നിങ്ങനെയാണ് നാടകം കാണുന്നതിനായി ഇരിക്കാനുള്ള സൗകര്യം. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയുടെ നേതൃത്വത്തിൽ ഇറ്റ്‌ഫോക്ക് കോ ഓർഡിനേറ്റർ ജലീൽ ടി കുന്നത്ത്, പ്രോഗ്രാം ഓഫിസർ വി കെ അനിൽകുമാർ എന്നിവരാണ് ഇറ്റ്ഫോക് പരിപാടികൾ ഏകോപിപ്പിക്കുന്നത്. പ്രശസ്ത രംഗശിൽപ്പിയും ആർട്ടിസ്റ്റുമായ സുജാതന്റെ മേൽനോട്ടത്തിലാണ് നാടക വേദികൾ രംഗാവിഷ്ക്കാരങ്ങളുടെ ശബ്ദമായി ഉണരുന്നത്. ഒപ്പം നാടകോത്സവത്തിന് മോടി പിടിപ്പിക്കാൻ ചുവരുകളിൽ വർണ്ണങ്ങൾ തീർത്ത് കേരള ലളിതകലാ അക്കാദമിയിലെ ആർട്ടിസ്റ്റുകളും അക്കാദമിയിൽ സജീവമാണ്.

നാടകാവതാരകരും പ്രേക്ഷകരും തമ്മിലുള്ള സംവാദത്തിന് നാടകമെന്ന ദൃശ്യകല വലിയ സാധ്യതകൾ നൽകുന്നുണ്ട്. അതിൽ പ്രധാനം അവ അവതരിപ്പിക്കുന്ന വേദികൾ തന്നെയാണ്. കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾക്ക് പുറമെ മനുഷ്യനെ ചിന്തിപ്പിക്കാനും അതനുസരിച്ചു നേരിന്റെ വഴികളിലൂടെ പ്രവർത്തിക്കാനും ഊർജമായിട്ടുള്ള നാടകകല, മാനവിക മൂല്യങ്ങൾ വിതയ്ക്കുന്നതിൽ വിജയിച്ച ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ്. നിലപാടുകളുള്ള, ആർജ്ജവമുള്ള ലോകത്തിന്റെ പൊതുമാറ്റങ്ങൾ നാടകങ്ങളിലൂടെ ദൃശ്യ – ശ്രവ്യ രൂപങ്ങളായി ആളുകളിലേക്ക് എത്തിക്കുന്നതിന് ഇറ്റ്ഫോക് 2024ന്റെ വേദി ഒരുങ്ങിക്കഴിഞ്ഞു.

Leave a Comment