നാടോടി വാമൊഴിക്കാലം മലയാള കവിതയിൽ തിരിച്ചു വരുന്നു

Written by Taniniram1

Published on:

-കെ. ആർ. അജിത

സാർവ്വദേശീയ സാഹിത്യോത്സവത്തിൽ ഭാഷയ്ക്കുള്ളിലെ ഭാഷ എന്ന വിഷയത്തിൽ വേദി രണ്ട് ‘മൊഴിയിൽ’ സംഘടിപ്പിച്ച ചർച്ചയിൽ മലയാളത്തിന്റെ നാടോടി വാമൊഴിക്കാലം മലയാള കവിതയിൽ തിരിച്ചുവരുന്നതായി കവിയും അധ്യാപകനുമായ എ എം ശ്രീധരൻ അഭിപ്രായപ്പെട്ടു. കാവ്യ ഭാഷയിലെ ഭാഷയ്ക്കുള്ളിലേക്ക് കടക്കുമ്പോൾ വിശാലമായ നാടോടി വിചാരങ്ങളും ശൈലി ഭേദങ്ങളും തിരിച്ചുകൊണ്ടുവന്നാലേ നമ്മുടെ ബഹുസ്വരതയെ നിലനിർത്താൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, തോറ്റം പാട്ടുകൾ, പുതിയ കാലത്തിന്റെ ട്രോളുകൾ എല്ലാം എഴുത്തുകാരന് സഹൃദയത്വത്തിന്റെ അടയാളങ്ങളാണ്. ഇതെല്ലാം ചർച്ചയാകുമ്പോൾ രചയിതാവിന്റെ വ്യക്തിത്വത്തിന്റെയും പാരമ്പര്യത്തിന്റെയും അടയാളപ്പെടുത്തലുകളാണ് കാവ്യഭാഷയിലെ ഭാഷയ്ക്കുള്ളിലെ ഭാഷ. നമ്മുടെ കാവ്യഭാഷയിൽ നിന്ന് നാടോടി സാഹിത്യം പ്രാദേശിക ഭാഷാ വിചാരങ്ങളിൽ നിന്നാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആദിവാസി ഗോത്ര മേഖലയിൽ നിന്നുള്ള കവി അശോകൻ താൻ ജനിച്ചു വളർന്ന ഗോത്ര സമുദായജീവിതത്തെ കുറിച്ചും എഴുത്തു വഴികളെ കുറിച്ചും ചർച്ചയിൽ പങ്കുവെച്ചു. മുതുവാൻ ഭാഷയായ ആദിവാസി ഗോത്ര ഭാഷയിൽ ആദ്യമായി കവിത എഴുതിയ ആളാണ് അശോകൻ.

ആദിവാസി ജനതയുടെ ജീവിതവും സംസ്കാരവും അവരുടെ മാതൃഭാഷയിൽ നിന്ന് കവിതകളിലേക്ക് കൊണ്ടുവന്ന്‌ മലയാളികളിൽ കാടിന്റെ വന്യതയും സൗന്ദര്യ ശാസ്ത്രപരവും സാഹിതീയവുമായ കാവ്യങ്ങൾ സമ്മാനിച്ച കവിയാണ് അശോകൻ.

അക്കാദമിയിൽ നടന്ന ‘ഭാഷയ്ക്കുള്ളിലെ ഭാഷ’ എന്ന സംഭാഷണത്തിൽ കവിത സാഹിത്യ മേഖലകളിൽ പ്രയോഗിക്കുന്ന ഭാഷകൾ എല്ലാം തന്നെ, ആ കാവ്യമോ ആ സാഹിത്യസൃഷ്ടിയുടെ രചയിതാവ് ജനിച്ച നാടിന്റെ ഭാഷയുടെ അതിപ്രസരമോ ഉൾക്കൊള്ളുന്നതായിരിക്കും എന്നതിൽ തർക്കമില്ലെന്നാണ് ചർച്ചയിൽ രൂപപ്പെട്ടത്. വാമൊഴിയായി കടന്നുവന്ന നാടോടി സാഹിത്യത്തിന്റെ ചുവടുകൾ വീണ്ടും നമ്മുടെ കാവ്യങ്ങളിൽ കൂടി ബഹുസ്വരതയുടെ ശബ്ദം ഉയർത്തുന്നത് സാഹിത്യ മേഖലയിലും പൊതുസമൂഹത്തിനും പ്രതീക്ഷാവഹമാണ്.

Leave a Comment