ഫ്രൂട്ട് ജ്യൂസ് എന്നും കുടിക്കുന്നത് നല്ലതാണോ? വിശദമായി തന്നെ അറിയാം

Written by Web Desk2

Updated on:

ശരീരഭാരം കുറയ്ക്കാന്‍ പലതരം ഡയറ്റില്‍ ഏര്‍പ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ പഴങ്ങള്‍ ജ്യൂസായി കുടിക്കുന്ന ശീലമാണ് ഇപ്പോള്‍ കൂടുതലായി കണ്ട് വരുന്നത്. ഇങ്ങനെ ജ്യൂസായി കുടിച്ചാല്‍ ശരീരഭാരം കുറയുമോ (Weight Loss)? ശരീതത്തിന് നല്ലതാണോ? പരിശോധിക്കാം..

ഫ്രൂട്ട് ജ്യൂസ് (Fruit Juice) നമ്മുടെ ശരീരത്തിന് ഹെല്‍ത്തിയായുള്ള ഒരു ഭക്ഷണം തന്നെയാണ്. പക്ഷെ ശരീരഭാരം കുറയ്ക്കാനായി ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്യില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജാമാ പീഡായാട്രിക്‌സ് എന്ന ജേണലിന്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികളും ഫ്രൂട്ട് ജ്യൂസ് കുടിച്ചാല്‍ ശരീരഭാരം കൂടുമെന്നാണ് പഠനത്തില്‍ പറയുന്നത്.

കൂടാതെ ഷുഗര്‍ ഒട്ടും ഇടാതെ 100 ശതമാനം ഫ്രൂട്ട് ജ്യൂസ് എല്ലാ ദിവസവും കുടിച്ചാലും അത് പ്രശ്‌നമാണ്. ജ്യൂസിലടങ്ങിയിരിക്കുന്ന ലിക്വിഡ് കാലറിയായിരിക്കാം ഭാരവര്‍ദ്ധനത്തിന് കാരണമെന്ന് വിദഗ്ദര്‍ പറയുന്നു. 11 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളില്‍ ഓരോ എട്ട് ഔണ്‍സ് അധിക ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോഴും ബി.എം.ഐയില്‍ (BMI) വര്‍ധനവ് വരുന്നുണ്ടെന്നാണ് പഠനം പറയുന്നത്. 42 വിവിധ പഠനങ്ങളെ ആസ്പദമാക്കി നടത്തിയ അവലോകനത്തിലാണ് ഇതുള്ളത്.

ഇങ്ങനെയൊക്കെയാണ് പഠനത്തില്‍ പറയുന്നതെങ്കിലും ജ്യൂസ് പാടെ ഒഴിവാക്കണമെന്നൊരു അര്‍ത്ഥമില്ല. പഴങ്ങള്‍ ജ്യൂസാക്കാതെ കഴിക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജ്യൂസിന്റെ അളവ് കുറയ്ക്കണമെന്ന് മാത്രമേയുള്ളൂ.

Leave a Comment