ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് കരാര്‍. നാലു ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. വെടിനിര്‍ത്തലിനു പകരമായി ഹമാസ് ബന്ദികളെ മോചിപ്പിക്കും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെയാണ് മോചിപ്പിക്കുക എന്നാല്‍ താത്ക്കാലിക വെടിനിര്‍ത്തലാണിതെന്നും യുദ്ധം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയിലേക്ക് 300 ട്രക്ക് ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും എത്തിക്കും. അതിനിടയില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 ആയി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രായേല്‍ ആക്രമണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഗാസയിലെ ഷിഫ ആശുപത്രിയിലാണ്. ഹമാസിന്റെ പ്രവര്‍ത്തനം ഷിഫ ആശുപത്രിയുടെ മറവില്‍ ആണെന്നും സൈനിക ലക്ഷ്യങ്ങള്‍ക്കായി ആശുപത്രിയുടെ സൗകര്യം ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നും ആരോപിച്ചാണ് ഇസ്രാഈലിന്റെ ക്രൂരത തുടരുന്നത്.