ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി ഹെൽത്ത് ഇൻഷുറൻസ്

Written by Taniniram1

Published on:

ഇൻഷുറൻസ് രംഗത്ത് അടിമുടി മാറ്റവുമായി ഇന്‍ഷുറന്‍സ്(Insurance) റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് കിഴിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെ പുതിയ റെഗുലേറ്ററിന്
കീഴിലാക്കിയേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ഇന്‍ഷുറന്‍സ് മേഖല നവീകരിക്കാന്‍ ലക്ഷ്യമിട്ട് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചേക്കും.ആകര്‍ഷകമായ പ്രീമിയത്തില്‍ കൂടുതല്‍ പേരിലേക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എത്തിക്കാനായി ഡിജിറ്റല്‍ സംവിധാനം കൊണ്ടുവരും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനും ലക്ഷ്യമിടുന്നു. വ്യത്യസ്തമായ ഹെല്‍ത്ത് പോളിസികള്‍(Health Policy) പുറത്തിറക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ഇതോടൊപ്പം ലഭിച്ചേക്കും. 2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്.
അതേസമയം, നിയമ ഭേദഗതികളോടെ മാത്രമെ ഇവ നടപ്പാക്കാന്‍ കഴിയൂ. ഹെല്‍ത്ത് പോളിസികളുടെ പ്രീമിയത്തിന്മേല്‍ ഇടാക്കുന്ന ജിഎസ്ടി കുറയ്ക്കുന്നതിനുള്ള നിര്‍ദേശവും ജിഎസ്ടി കൗണ്‍സിലിന് നല്‍കും. നിലവില്‍ 18 ശതമാനമെന്ന ഉയര്‍ന്ന നിരക്കാണ് ഹെല്‍ത്ത് പോളിസികള്‍ക്കുള്ളത്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള ആദായ നികുതിയിളവ് പരിധി ഉയര്‍ത്താനും സാധ്യതയുണ്ട്. 25,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്താനാണ് നിര്‍ദേശമുള്ളത്. തെറ്റിദ്ധരിപ്പിച്ച് ഇന്‍ഷുറന്‍സ് പോളിസികള്‍ വില്പന(Miss Selling) നടത്തുന്നതിനെതിരെ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ചികിത്സാ ചെലവുകളുടെ ഏകീകരണം, ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കല്‍ തുടങ്ങിയവ കാര്യക്ഷമമായി നടപ്പാക്കാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയ്ക്ക് മാത്രമായി ഒരു റെഗുലേറ്ററുടെ ആവശ്യകത ബോധ്യപ്പെട്ടതിനാലാണ് പുതിയ നീക്കം . രാജ്യത്തെ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണി ഇടക്കാലയളവില്‍ 13-15 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കെയര്‍എഡ്ജ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല ഒരു ലക്ഷം കോടി ഡോളര്‍ പിന്നിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News

Related News

Leave a Comment