ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയ്ക്ക് ഇനി മുൻകൂർ അനുമതി വേണം
തൃശൂർ വടക്കുംനാഥ ക്ഷേത്രമൈതാനിയിൽ പുതിയ നിയന്ത്രണമേർപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ്. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയ്ക്ക് ഇനി മുൻകൂർ അനുമതി വേണം. ഇത്തരം പരിപാടികൾക്ക് മുൻകൂർ അനുമതി വാങ്ങണമെന്ന് കാണിച്ച് ബോർഡ് മൈതാനത്ത് അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. നേരത്തെ മൈതാനത്തെ സിനിമാ ചിത്രീകരണങ്ങൾ വിലക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അനുബന്ധമായിട്ടാണ് ബോർഡ് നടപടിയെന്നാണ് പറയുന്നത്. തൃശൂരിനെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതാണ് തേക്കിൻകാട് മൈതാനമെന്ന വടക്കുംനാഥ ക്ഷേത്രമൈതാനവും ക്ഷേത്രത്തിൻറെ തെക്കേഗോപുരവുമെല്ലാം. പ്രത്യേകമായി സംഘടിപ്പിക്കുന്ന പരിപാടികൾക്കെല്ലാം മുൻകൂർ അനുമതി വാങ്ങിയാണ് നടത്താറുള്ളത്. വടക്കുംനാഥ ക്ഷേത്രത്തിനകം തന്നെ നിരവധി സിനിമകൾക്ക് ലൊക്കേഷനായിട്ടുണ്ട്. തേക്കിൻകാട് മൈതാനവും സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. സമീപമാസങ്ങളിലാണ് നടൻ ജോജു ജോർജിന്റെ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെത്തുന്നവർക്ക് സഞ്ചാര തടസമുണ്ടാക്കിയെന്ന ഹർജിയിൽ ഇടപെട്ട് ഷൂട്ടിങ് വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ് കമീഷണർ ഉത്തരവ് നൽകിയത്. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെട്ട് എല്ലാതരത്തിലുള്ള ഷൂട്ടിങ്ങുകളും വിലക്കി ഉത്തരവിട്ടത്.
സിനിമ കൂടാതെ ഡോക്യുമെന്ററികൾ, ആൽബം, വിവാഹം, സേവ് ദ ഡേറ്റ് തുടങ്ങിയവയും അല്ലാതെ തന്നെയും ക്യാമറ ഉപയോഗിച്ചും മൊബൈൽ ഫോണുകളിലും ആളുകളെത്തി ഫോട്ടോ, വീഡിയോ ഗ്രാഫികൾ നടത്തുന്നുണ്ട്. വടക്കുംനാഥന്റെ ഏതെങ്കിലും നടയിലോ തെക്കേഗോപുരനടയിലോ എത്തിയാൽ ആരായാലും കയ്യിൽ മൊബൈൽഫോണുണ്ടെങ്കിൽ സെൽഫിയോ മറ്റാരെങ്കിലും കൊണ്ടോ ഫോട്ടോ എടുപ്പിക്കുകയും ചെയ്യുമെന്നിരിക്കെ മൈതാനിയിലെ ഇത്തരം നിയന്ത്രണങ്ങൾ അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. ക്ഷേത്രേതര ആവശ്യങ്ങൾക്ക് വടക്കുംനാഥ ക്ഷേത്ര മൈതാനി അനുവദിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി വേണമെന്ന് നേരത്തെ തന്നെ കോടതി വിധിയുണ്ട്. രാഷ്ട്രീയപാർട്ടികളുടെയടക്കം പരിപാടികൾക്ക് ബോർഡ് സ്ഥലം അനുവദിക്കുന്നുണ്ട്. മൈതാനിയിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലടക്കം ബോർഡിന് കർശന നിർദേശം നൽകി ആഴ്ചകൾക്ക് മുമ്പാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതേ സമയം തേക്കിൻകാട് മൈതാനിയിലെ പുതിയ നിയന്ത്രണം അനാവശ്യ സംഘർഷ സാധ്യതയുണ്ടാക്കുന്നതാണെന്നാണ് ആക്ഷേപം. അനുമതി എങ്ങനെയെന്നോ, ഫീസ് ഈടാക്കിയാണോയെന്നതടക്കം വിശദമാക്കിയിട്ടില്ല. നിലവിൽ ശ്രീമൂലസ്ഥാനത്ത് ഫോട്ടോഗ്രാഫിക്ക് നിയന്ത്രണങ്ങളുണ്ട്. ക്ഷേത്ര നട കൂടിയാണ് ഇവിടം. ഔദ്യോഗികമായി വിവാഹാവശ്യങ്ങളുടെയടക്കമുള്ള ഫോട്ടോ, വീഡിയോഗ്രാഫികൾക്ക് 700 രൂപയോളം ഈടാക്കുന്നുണ്ട്.
പാർക്കിങ് പോലെ മറ്റൊരു വരുമാന മാർഗമാക്കി മാറ്റാനുള്ള ശ്രമമാണെന്നാണ് ആക്ഷേപം. പാർക്കിങ്ങിലൂടെ ദിവസം വൻ തുകയാണ് ബോർഡിന് ലഭിക്കുന്നത്. ക്ഷേത്രത്തിൽ നിന്നും വൻ വരുമാനമുണ്ടെന്നിരിക്കെ തേക്കിൻകാട് മൈതാനത്തിന് ഒന്നും ബോർഡ് ചിലവാക്കുന്നില്ല.