കണ്ടശ്ശാംകടവ് (തൃശ്ശൂര്‍): പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒരുമിച്ചപ്പോള്‍ ഭൂരഹിതരായ സഹപാഠിയുടെ കുടുംബത്തിന് സ്വന്തമായി ഭൂമിയായി.
എഴുനൂറ് വിദ്യാര്‍ഥികളും 40 അധ്യാപകരും ചേര്‍ന്ന് മൂന്നരലക്ഷത്തോളം രൂപ സമാഹരിച്ചാണ് അഖില്‍രാജിന്റെ കുടുംബത്തിന് സ്വന്തമായി ഭൂമി വാങ്ങി നല്‍കിയത്.
പി.ടി.എ.യുടെ നേതൃത്വത്തില്‍ വാങ്ങി നല്‍കിയ സ്ഥലത്തിന്റെ രേഖകള്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ അഖില്‍ രാജിന്റെ അമ്മ ഗീതയ്ക്ക് കൈമാറി. ഏറെ മഹത്വമുള്ള കര്‍മമാണിതെന്ന് കളക്ടര്‍ പറഞ്ഞു.
പി.ടി.എ. പ്രസിഡന്റ് സി.എ. മുരളി അധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന്‍ മുഖ്യാതിഥിയായി. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ തെക്കത്ത് ഉപഹാരസമര്‍പ്പണം നടത്തി. ഫ്രീഡം 50 മാധവിക്കുട്ടി കവിതാപുരസ്‌കാരം നേടിയ മുണ്ടശ്ശേരി സ്മാരക വിദ്യാലയം അധ്യാപിക ദിവ്യാ ദേവയാനി ഉള്‍പ്പടെയുള്ളവരെ ചടങ്ങില്‍ ആദരിച്ചു.