മയിലാട്ടുംപാറ : കാട്ടാനയുടെ പിടിയിൽ നിന്നും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ആന വാച്ചറായ മയിലാട്ടുംപാറ സ്വദേശി കല്ലിങ്കൽ ആന്റോ. ഇന്ന് കാലത്ത് ഒമ്പതുമണിക്ക് മയിലാട്ടുംപാറയിൽ ഫയർലൈൻ തെളിക്കുന്നതിനിടെയാണ് ആന്റോയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെടുന്ന പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മയിലാട്ടുംപാറയിൽ കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി ഫയർലൈൻ തെളിക്കാനുള്ള പണികൾക്ക് എത്തിയതായിരുന്നു ആന്റോ ഉൾപ്പെടെ മൂന്നു പുരുഷന്മാരും എട്ട് സ്ത്രീകളും അടങ്ങിയ സംഘം. പണികൾ നടന്നുകൊണ്ടിരിക്കെ കാട്ടാന ആന്റോയ്ക്ക് നേരെ പാഞ്ഞടുത്തു. ഇത് കണ്ട് ഓടാൻ ശ്രമിക്കുന്നതിനിടെ ആന്റോ ഉടുത്തിരുന്ന മുണ്ടിലാണ് ആനയ്ക്ക് പിടിത്തം കിട്ടിയത്. മുണ്ട് കളഞ്ഞ് ഓടിയതുകൊണ്ട് വലിയ
ദുരന്തത്തിൽ നിന്നും എല്ലാവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കൂടെയുണ്ടായിരുന്നവർ പലരും ഭയന്ന് പലവഴിക്ക് ചിതറിയോടി. ഓട്ടത്തിനിടെ സ്ത്രീകളിൽ ചിലർക്ക് സാരമല്ലാത്ത പരിക്കുകൾ പറ്റിയിട്ടുണ്ട്. ചിലരുടെ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായും പറയുന്നു. ഉൾക്കാട്ടിലേക്ക് ഓടിക്കയറിയതിനാൽ ഏതാനും സ്ത്രീ തൊഴിലാളികൾക്ക് വഴി തെറ്റിയിരുന്നു. ഇവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ടി.കെ ലോഹിതാക്ഷൻ, കെ.ജെ ജോമോൻ, ദിലീപ്, വാച്ചർ സുനിൽ എന്നിവർ രണ്ടുമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
28 വർഷമായി വനംവകുപ്പിൽ താൽക്കാലിക വാച്ചറാണ് ആന്റോ. ആക്രമിക്കാൻ പാഞ്ഞടുത്ത ആനയുടെ ശ്രദ്ധയകറ്റാൻ ആൻാ നടത്തിയ തന്ത്രപരമായ നീക്കമാണ് തങ്ങളുടെ ജീവൻ കാത്തതെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. കാട്ടിലുള്ള പരിചയസമ്പത്തും ഭാഗ്യവും കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് ആന്റോ പറഞ്ഞത് .