ജില്ലയിൽ ജനകീയ ആസൂത്രണ പദ്ധതി വഴി നടപ്പിലാക്കിവരുന്ന ഭവന പദ്ധതി അനിശ്ചിതത്വത്തിൽ. വീടില്ലാത്തവർക്കും വീട് ഭാഗികമായി നഷ്ടപ്പെട്ടവർക്കും വീടിന്റെ അറ്റകുറ്റപ്പണികൾക്കായി അപേക്ഷിച്ചവരുടെ ഫണ്ട് വിതരണം പാതിവഴിയിൽ നിലച്ചു. തൃശ്ശൂർ കോർപ്പറേഷനു കീഴിൽ വരുന്ന ഡിവിഷനുകളിൽ നിന്നുള്ള അപേക്ഷകർക്ക് ആദ്യ ഗഡു മാത്രം ലഭിച്ചവർ വീടിന്റെ പണി പൂർത്തിയാക്കാൻ ആവാതെ ദുരിതത്തിലാണ്.
കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥ
പഞ്ചായത്തുകളിലെയും സ്ഥിതിയും ഇതുതന്നെ. ഭവന പദ്ധതിയായ ലൈഫ് പദ്ധതിയുടെ ഫണ്ട് നാല് ലക്ഷം കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന (PMAY) യിൽ നിന്നും ഒന്നര ലക്ഷവും തൃശ്ശൂർ കോർപ്പറേഷന്റെ രണ്ട് ലക്ഷവും സംസ്ഥാന സർക്കാരിന്റെ അമ്പതിനായിരവും ചേർന്നാണ് നാല് ലക്ഷം നൽകുന്നത്. മൂന്നുവർഷമായി ഇത് ആർക്കും കൊടുത്തിട്ടില്ല.. വീടുകളുടെ അറ്റകുറ്റപ്പണിക്കായുള്ള സർക്കാർ ഫണ്ട് ഒരുലക്ഷം വീതം നൽകുന്നിടത്ത് ആദ്യ അമ്പതിനായിരം മാത്രമേ കോർപ്പറേഷൻ നൽകിയിട്ടുള്ളൂ. പിന്നീട് അന്വേഷിച്ച് ചെല്ലുമ്പോൾ ട്രഷറിയിൽ ഫണ്ടില്ല എന്ന കാരണത്താൽ മടക്കി വിടുകയാണ് ചെയ്യുന്നത്. ആദ്യ ഗഡു നൽകി കഴിഞ്ഞ് പണി പൂർത്തീകരിച്ചത് കോർപ്പറേഷനിൽ നിന്നുള്ള ജീവനക്കാർ വീട്ടിൽ വന്ന് നോക്കി വിലയിരുത്തിയിട്ടാണ് രണ്ടാം ഗഡുവിന് അപേക്ഷിക്കുന്നത്. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാം ഗഡു നിഷേധിക്കുന്ന നടപടികളും ജീവനക്കാർ കൈക്കൊള്ളുന്നു. ഒരു ഗതിയും പരഗതിയും ഇല്ലാത്ത പൊതുജനങ്ങൾ ഉദ്യോഗസ്ഥരുടെ ഇത്തരം കുൽസിത പ്രയോഗങ്ങളിലൂടെ വലയുന്നുണ്ട്. മധ്യ വേനൽ അവധി കഴിയുന്നതിനു മുൻപ് ഫണ്ട് കിട്ടിയില്ലെങ്കിൽ ഭാഗികമായി വീടുപണി പൂർത്തിയാക്കാത്തവർ മഴക്കാലത്ത് ദുരിതത്തിൽ ആവും എന്നതിൽ സംശയമില്ല.
കോർപ്പറേഷൻ ഓഫീസിൽ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ചെല്ലുന്നവരോട് പ്ലാനിങ്ങിൽ ആണ് സെക്ഷൻ എന്ന് പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും തട്ടി കളിക്കുന്നു. എന്നും അന്വേഷിക്കുമ്പോൾ ട്രഷറിയിൽ കൊടുത്തിട്ടുണ്ട് ഫണ്ടില്ല എന്ന ഒരേ പല്ലവി മാത്രമേ അറിയാൻ കഴിയുന്നുള്ളൂ.
കെ. ആർ. അജിത