ബൈക്ക് ഡെലിവറി ജോലി; വിദേശികളെ നിയമിക്കൽ നിർത്തലാക്കുമെന്നു സൗദി

Written by Taniniram1

Published on:

സൗദി : ബൈക്ക് ഡെലിവറി ജോലിയിൽ വിദേശികളെ നിയമിക്കൽ നിർത്തലാക്കാനുള്ള തീരുമാനവുമായി സൗദി. 14 മാസം കഴിഞ്ഞാല്‍ ഡെലിവെറി മേഖലയില്‍ വിദേശികളെ നിയമിക്കാന്‍ ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ക്ക് ഇനി സാധിക്കില്ല. ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം അനുവദിക്കാനും സൗദി ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്റ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ഇത് നടപ്പാക്കുക. ഹോം ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് വിദേശികളെ വിലക്കുന്ന നിയമം 14 മാസത്തിനുള്ളില്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നത് സംബന്ധിച്ച് സൗദി ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. മോട്ടോര്‍ സൈക്കിളുകളില്‍ ഡെലിവെറി സേവനം നടത്തുന്ന ജീവനക്കാര്‍ യൂണിഫോം ധരിക്കണമെന്ന് അതോറിറ്റി നിര്‍ദേശിക്കുന്നു. ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം വഴി തങ്ങളുടെ ഡ്രൈവര്‍മാര്‍ക്കായി ഫെയ്സ്
വെരിഫിക്കേഷന്‍ ഫീച്ചര്‍ സജീവമാക്കാന്‍ ഡെലിവെറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ നിര്‍ബന്ധിക്കും.

ഹോം ഡെലിവറി ജോലിയില്‍ നിന്ന് വിദേശികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച അല്‍ മദീന ദിനപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സൗദി എഴുത്തുകാരന്‍ മുഹമ്മദ് അല്‍ മിര്‍വാനിയാണ് ഈ ആവശ്യമുന്നയിച്ചത്. വീടുകളില്‍ വിദേശ യുവാക്കള്‍ കയറിച്ചെല്ലുന്നത് സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നുവെന്നും, സ്വകാര്യത നഷ്ടപ്പെടാന്‍ ഇടയാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണിത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മടി ഒഴിവാക്കാന്‍ ഹോം ഡെലിവറി ബിസിനസ് നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സ്വദേശിവത്കരണ നടപടികള്‍ ശക്തമായി തുടരുന്നതിനിടെയാണ് ഹോം ഡെലിവറി ബിസിനസ് രംഗത്ത് വിദേശികളെ പൂര്‍ണമായും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുന്നത്. എന്‍ജിനീയറിങ് മേഖലയില്‍ ജൂലൈ 21 മുതല്‍ സൗദിവത്കരണം ആരംഭിക്കുകയാണ്.
എണ്ണായിരത്തിലധികം സ്വദേശികള്‍ക്ക് ഇതിലൂടെ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുബന്ധമായി 8000 തൊഴിലവസരങ്ങള്‍ കൂടി ലഭ്യമാക്കാനാകുമെന്നും കരുതുന്നു. എന്‍ജിനീയറിങ് മേഖലയില്‍ പഴുതകളടച്ച് സൗദിവത്കരണം നടപ്പാക്കുമെന്ന് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാജ്യത്ത് എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും സ്പെഷ്യലിസ്റ്റുകളുമായി 4,48,528 പേരുണ്ടെന്നാണ് സൗദി എന്‍ജിനീയറിങ് കൗണ്‍സിലിന്റെ കണക്ക്.

See also  ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ്​ ; മുന്നറിയിപ്പുമായി യു.എ.ഇ

Related News

Related News

Leave a Comment