വിമാനയാത്രാ നിരക്ക്‌ ആറിരട്ടി കൂട്ടി.

Written by Taniniram Desk

Updated on:

കരിപ്പൂർ: കേരളത്തിൽനിന്ന്‌ ഗ​ൾ​ഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്‌ ആറിരട്ടി വർധിപ്പിച്ച്‌ വിമാനക്കമ്പനികൾ. ഡിസംബർ ഒന്നുമുതൽ വർധന പ്രാബല്യത്തിൽവരും. 11 മാസത്തിനിടെ ഏഴാംതവണയാണ് നിരക്കുവർധന. എന്നാൽ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ള നിരക്കിൽ വർധനയില്ല.

ക്രിസ്‌മസ്, പുതുവത്സരാഘോഷവും ഗൾഫിൽ വി​ദ്യാ​ലയങ്ങ​ളു​ടെ അ​വ​ധി​ക്കാലവും മു​ൻകൂട്ടിക്കണ്ടാണ്‌ കൊള്ള. തുടർച്ചയായി വിമാനനിരക്ക്‌ ഉയരുമ്പോഴും കേന്ദ്രം ഇടപെടുന്നില്ല. ഇത്തിഹാദ് എയർവേയ്സിൽ പുതുവത്സര ദിനത്തിൽ തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് ഇക്കണോമി ക്ലാസിന് 75,000 രൂപയാണ് നിരക്ക്. നിലവിൽ പതിനായിരത്തിനുതാഴെയാണ്‌ നിരക്ക്‌.

നിലവിൽ 50,000 രൂപയുള്ള ബിസിനസ്‌ ക്ലാസിന് 1,61,213 രൂപ നൽകണം. കരിപ്പൂർ, നെടുമ്പാശേരി നിരക്കിലും കാര്യമായ മാറ്റമില്ല. നിലവിൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ്‌ ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ്‌ ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് എയർലൈൻസ് ഈടാക്കുന്നത്. ഇത് യഥാക്രമം അരലക്ഷവും 83,527 രൂപയുമാവും. മറ്റു വിമാനക്കമ്പനികളുടെ നിരക്കും ഇതേപോലെ വർധിക്കും.

കേരളത്തിൽനിന്ന്‌ യുഎഇ സെക്ടറിൽ കൂടുതൽ സർവീസ് നടത്തുന്ന എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്രസ് ഡി​സം​ബ​ർ ഒന്നുമുതൽ നാ​ലിരട്ടിമുതൽ ആറിരട്ടിവരെ ​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. നിലവിലെ 13,500 രൂപ 78,000 ആകും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽനിന്നും യുഎഇ​യിലേക്ക് പറക്കാൻ 60,000 മു​ത​ൽ 78,000 രൂ​പ​വ​രെ നൽകേ​ണ്ടി​വ​രും.

ദു​ബായി​ൽ​നി​ന്ന് ക​ണ്ണൂ​ർ, കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ഡി​സം​ബ​ർ എ​ട്ടുമു​ത​ൽ 22വ​രെ​ 32,880 മു​ത​ൽ 42,617 രൂപവരെയാണ് എ​യ​ർഇ​ന്ത്യ ഈ​ടാ​ക്കു​ക. നിലവിൽ 12,000 രൂപയാണ്‌. ഷാ​ർ​ജ, അ​ബു​ദാ​ബി വിമാനത്താവളങ്ങളിൽനിന്ന്‌ കേ​ര​ള​ത്തി​​ലേ​ക്ക് ഡി​സം​ബ​ർ ര​ണ്ടും മൂ​ന്നും വാ​ര​ങ്ങ​ളി​ൽ 31,907മു​ത​ൽ 42,117 രൂ​പവ​രെ​യാ​ണ് യാ​ത്രാ​നി​ര​ക്ക്.

ക​ണ്ണൂ​ർ, കരിപ്പൂർ, നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് ദു​ബായ്, അ​ബുദാബി, ഷാ​ര്‍ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് യാ​ത്രചെ​യ്യ​ണ​മെ​ങ്കി​ൽ ഡി​സം​ബ​ർ 26 മു​ത​ൽ ജ​നു​വ​രി എ​ട്ടു​വ​രെ 35,555 മു​ത​ൽ 44,037 രൂ​പവ​രെ​യാ​ണ് നി​ര​ക്ക്. 12,000 രൂപയിൽനിന്നാണ്‌ ഈ വർധന. അ​വ​ധി​ക്കാ​ലം മു​ത​ലെ​ടു​ത്ത് കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ആ​കാ​ശ​ക്കൊ​ള്ള​യ്‌ക്കെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്.

Related News

Related News

Leave a Comment