ഒരു നാടിന്റെ ഹൃദയത്തുടിപ്പുകളാണ് ആ നാടിനോട് ചേർന്നുവരുന്ന ഉത്സവാഘോഷങ്ങൾ. തൃശ്ശൂർ കുർക്കഞ്ചേരി പൂയ മഹോത്സവം അത്തരത്തിലൊരു ഉത്സവമാണ്. ശ്രീനാരായണഗുരുദേവന്റെ പാദ സ്പർശമേറ്റ ക്ഷേത്രഭൂമിയാണ് ശ്രീ മാഹേശ്വര ക്ഷേത്രം. അവിടത്തെ ഉത്സവം ആഘോഷിക്കുന്ന തട്ടകങ്ങളിൽ വടൂക്കര, ചിയ്യാരം, നെടുപുഴ, പനമുക്ക്, വെളിയന്നൂർ, കണ്ണംകുളങ്ങര ദേശക്കാർ ഉൾപ്പെടുന്ന ആഘോഷമാണ് തൈപ്പൂയ മഹോത്സവം.
തൈപ്പൂയത്തിന് കാവടി ക്ഷേത്രസന്നിധിയിൽ എത്തുന്നതാണ് പ്രധാന ചടങ്ങ്. എല്ലാ ദേശങ്ങളിലും പൂയാഘോഷത്തിന്റെ വർണ്ണശബളിമയ്ക്ക് മാറ്റുകൂട്ടുന്ന കാവടി നിർമ്മാണം അവസാന മിനുക്ക് പണിയിലാണ്. വടൂക്കര നെല്ലിപ്പറമ്പിൽ സുമേഷിന്റെ നേതൃത്വത്തിൽ വടൂക്കര ദേശക്കാർക്കുള്ള കാവടികളുടെ നിർമ്മാണം തകൃതിയായി നടക്കുന്നു.
ആദ്യകാലങ്ങളിൽ കാവടികൾ തീം ബേസ് ആയി നിർമ്മിക്കുന്ന പതിവുണ്ടായിരുന്നു. വടൂക്കര സ്വദേശിയായിരുന്ന ഒറ്റാലി കൃഷ്ണൻ നിർമ്മിച്ചിരുന്ന കാവടികൾ മനോഹരവും കൗതുകം പകരുന്നതും പ്രകൃതിയിൽ ചാലിച്ച വർണ്ണ ഭേദങ്ങളുടെ കാഴ്ചകൾ നൽകുന്നതുമായിരുന്നു. കായ്ച്ചു നിൽക്കുന്ന പപ്പായയും, വാഴയും വാഴക്കുലയും കന്നും ചേർന്നു നിൽക്കുന്ന കാവടിയും, കായ്ച്ചു നിൽക്കുന്ന പ്ലാവും ആദ്യകാലങ്ങളിൽ പൂയത്തിന്റെ ഗരിമയും സൗന്ദര്യവും കൂട്ടിയിരുന്നു. പ്രകൃതിയിൽ കാണുന്ന എന്തും കാവടി രൂപത്തിൽ പുനരാവിഷ്കരിക്കാൻ അദ്ദേഹത്തിന് അപാര കഴിവായിരുന്നു.
ഇന്ന് ന്യൂജനിലേക്ക് ചുവടു മാറിയപ്പോൾ പൂക്കാവടികളാണ് എവിടെയും കണ്ടുവരുന്നത്. പണ്ട് മരം കൊണ്ടുള്ള ഫ്രെയിമുകളാണ് കാവടിക്ക് ഉപയോഗിച്ചിരുന്നത്. ഇന്നത് ഇരുമ്പു കൊണ്ടുള്ള ഫ്രെയിമിലേക്ക് മാറി. ആദ്യകാലങ്ങളിൽ ഈറ്റ കൊണ്ടുള്ള കുട്ടകളാണ് കാവടി നിർമ്മാണത്തിൽ കൂടുതൽ ഉപയോഗിച്ചിരുന്നത്. കുട്ട നെയ്യുന്നവർ മൺമറഞ്ഞപ്പോൾ ഈറ്റ കുട്ടകൾ കിട്ടാതായി പകരം പ്ലാസ്റ്റിക് കുട്ടകളിലേക്ക് ചുവടു മാറാൻ കാവടി നിർമ്മാതാക്കൾ നിർബന്ധിതരായെന്നും സുമേഷ് പറയുന്നു. സോഫയിൽ നിറയ്ക്കുന്ന യൂഫോം ഓട്ടോക്ക്, ബഹുവർണ്ണ കടലാസ്സുകൾ, ഗിൽറ്റ് പൊടി, ലൈസുകൾ, ചൈന പേപ്പർ, തുടങ്ങിയവയൊക്കെയാണ് ഒരു കാവടി നിർമ്മാണത്തിന് ആവശ്യമായി വരുന്നത്.
കാവടിയാടുമ്പോൾ പ്രത്യേകം ആകർഷകമാകുന്നത് കാവടികളിൽ പിടിപ്പിക്കുന്ന ചെണ്ട് ( കൊന്ന ) ആണ്. ബാൻഡ് മേളത്തിനൊത്ത് കാവടിയെടുത്ത് ആടുമ്പോൾ ഈ ചെണ്ടും ആടിക്കൊണ്ടിരിക്കും. ഭംഗിയുള്ള കാഴ്ച തന്നെയാണ് അത്. ഈ ചെണ്ട് കമ്പിയിൽ കോർത്തെടുക്കാൻ ദിവസങ്ങളോളം പണിയുണ്ട്. വടൂക്കരയിലെ വീട്ടമ്മമാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും സഹായത്തോടെയാണ് ചെണ്ടുകൾ കോർത്തെടുക്കുന്നത്. ജനുവരിയിൽ നടക്കുന്ന ഉത്സവത്തിന് ഓണത്തിന് ശേഷം കാവടികളുടെ നിർമ്മാണം തുടങ്ങുമെന്ന് സുമേഷ് പറയുന്നു. മാസങ്ങളായി അഹോരാത്രം പണിതിട്ടാണ് ജനുവരി 26 നടക്കുന്ന തൈപ്പൂയ മഹോത്സവത്തിന് കാവടി ആടുന്നത്.
എസ്എൻഡിപിയുടെ കീഴിലുള്ള സമാജത്തിൽ നിന്ന് ഒരു കാവടി നിർമ്മാണത്തിന് 33500 രൂപയാണ് നൽകുന്നത്. പക്ഷേ ഒരു കാവടി പണിപൂർത്തിയാകുമ്പോൾ അറുപതിനായിരത്തിനും മേൽ ചെലവ് വരുന്നുണ്ടെന്ന് ഇവർ പറയുന്നു. കഴിഞ്ഞവർഷം മുതൽ വടൂക്കരയിൽ നിന്നും സ്ത്രീകൾ കാവടിയാടുന്നുണ്ട്. സ്ത്രീകൾക്ക് വേണ്ടി കനം കുറഞ്ഞ ചെറിയ കാവടികളും സുമേഷിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നു. കാവടിയിൽ പ്രശസ്തരായ വനിതകളുടെ ഫോട്ടോ വെച്ച് മനോഹരമാക്കിയിരിക്കുന്നു. കുട്ടികൾക്ക് ആടാ ടാനുള്ള കാവടികളും ഇവിടെ നിർമ്മിക്കുന്നുണ്ട്. കൂർക്കഞ്ചേരിയിലെ ഉത്സവത്തിന് ശേഷം മറ്റു നാടുകളിലെ ഉത്സവത്തിന് ഇവിടെ നിന്നും കാവടികൾ വാടകയ്ക്ക് കൊണ്ടുപോകുന്നതാണ് ഇവർക്ക് ഇതിൽനിന്ന് നിന്നും കിട്ടുന്ന ലാഭം.
ജനുവരി 26ന് രാവിലെ എട്ടുമണിക്ക് വടൂക്കരയിൽ നിന്നും ആഘോഷമായി ആർപ്പുവിളികളോടെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കുമ്പോൾ കാവടികളുടെ നിർമ്മാണത്തിൽ പങ്കാളികളായ ശോഭൻ, സുമേഷ്, സഞ്ജു, മെൽവിൻ, അഭിലാഷ്, രാഹുൽ എന്നിവർ ആത്മഹർഷത്തോടെ നിർവൃതി പുൽകും..ഒപ്പം തൈപൂയപ്രേമികളും ആനന്ദത്താൽ മതിമറക്കും…
K. R AJITHA.