കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അനിശ്ചിതമായി നീട്ടിവച്ചതില്‍ ദുരൂഹത

Written by Taniniram1

Published on:

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അനിശ്ചിതമായി നീട്ടിവച്ചതില്‍ ദുരൂഹതയുണ്ടെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.സി.ടി.എ.) ആരോപിച്ചു. ജനുവരി 11 നു നടത്താന്‍ തീരുമാനിച്ച കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ ഇലക്ഷന്‍ 23 ലേക്ക് മാറ്റുകയും ഇലക്ഷന്‍ സാമഗ്രികള്‍ കോളജുകളില്‍ എത്തിക്കുകയും ചെയ്തതാണ്. പിന്നീട് സിന്‍ഡിക്കേറ്റ് ഇലക്ഷന് കഴിഞ്ഞിട്ട് ആകട്ടെയെന്ന് പറഞ്ഞു അനിശ്ചിതമായി നീട്ടിവെച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ വേണ്ടത്ര ചര്‍ച്ചകളോ എല്ലാ വിഭാഗം അധ്യാപകരുമായി കൂടിയാലോചനയോ ഒന്നും ഇല്ലാതെയാണ് ഇപ്പോള്‍ നാലു വര്‍ഷ ബിരുദത്തിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നത്. ഭരണാനുകൂല സംഘടനാ പ്രവര്‍ത്തകര്‍ മാത്രം ഉള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണ് സിലബസിനു ചര്‍ച്ചകള്‍ നടത്തുന്നത്. പേരിനു മാത്രം ചില വിഷയങ്ങളില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തി. പരിചയസമ്പന്നരായ മറ്റു സംഘടനകളില്‍പ്പെട്ട അധ്യാപകരോട് വര്‍ക്ക്‌ഷോപ്പുകള്‍ക്കു പങ്കെടുക്കാതെ സഹകരിക്കണം, പല സ്ഥലത്തുനിന്നും സമ്മര്‍ദ്ദം ഉണ്ട് എന്നാണ് പല ചെയര്‍പേഴ്‌സണ്‍മാരും രഹസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. വളരെയധികം പരിചയസമ്പന്നതയും സര്‍വീസുമുള്ള പ്രഫസര്‍മാരെ പ്രതിപക്ഷ സംഘടനയില്‍ അംഗമായതിനാല്‍ അടുപ്പിക്കാതെ താരതമ്യേന അനുഭവപരിചയം കുറഞ്ഞ ഭരണാനുകൂല സംഘടനാ പ്രവര്‍ത്തകരെയാണ് സിലബസ് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. പല സിലബസും മുന്‍പത്തെ സിലബസ് രണ്ടെണ്ണം കൂട്ടിച്ചേര്‍ത്തും പലതും വെട്ടിക്കുറച്ചും ആണ് ഉണ്ടാക്കിയിരിക്കുന്നത്. പല പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കും എക്‌സ്റ്റേണല്‍ എക്‌സാമിനര്‍ വേണ്ട എന്നുള്ളതും മാര്‍ക്കു ദാനത്തിലേക്കും വിവേചനത്തിലേക്കും നയിക്കും. അതുപോലെ തന്നെ നാലാം വർഷം വരുന്ന അധിക വര്‍ക്ക്‌ലോഡ് പരിഹരിക്കാന്‍ അധിക തസ്തികകള്‍ സൃഷ്ടിക്കില്ല എന്നാണ് ഗവണ്മെന്റ് പറയുന്നത്. ഇത് കലാലയങ്ങളിലെ അക്കാദമിക അന്തരീക്ഷം തകര്‍ക്കുമെന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കപ്പെടുന്നത്. ഇടതുപക്ഷ സംഘടനകളില്‍പ്പെട്ട പല അധ്യാപകര്‍ക്കും എന്താ സംഭവിക്കുന്നതെന്ന് പോലും അറിയാതെയാണ് ഇപ്പോള്‍ സിലബസ് ഉണ്ടാക്കുന്നത്. അക്കാദമിക് കൗണ്‍സിലില്‍ ഭൂരിപക്ഷം ഉറപ്പിക്കാനായി ബയോകെമിസ്ട്രി വിഷയത്തില്‍ അതല്ലാത്തവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ആ വിഷയത്തില്‍ അംഗത്വം പിടിച്ചെടുക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ബോട്ടണി മണ്ഡലത്തിലും സമാനമായ അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരത്തില്‍ അടിമുടി ദുരൂഹമായാണ് രണ്ടാമതും അക്കാദമിക് കൗണ്‍സില്‍ ഇലക്ഷന്‍ മാറ്റിയിരിക്കുന്നത്. കൂടാതെ കാലാവധി കഴിയുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളെ ഒഴിവാക്കാനും ശ്രമമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
അക്കാദമിക് കൗണ്‍സില്‍ ഈ വര്‍ഷം ഇതുവരെ നടന്നിട്ടില്ല. 2023-2024 കാലഘട്ടത്തില്‍ ഇതുവരെ സമ്പൂര്‍ണ സെനറ്റ് വിളിച്ചിട്ടില്ല. ചോദ്യോത്തര വേളകളും ചര്‍ച്ചകളും ഒഴിവാക്കാന്‍ സ്‌പെഷ്യല്‍ അജന്‍ഡ മാത്രമുള്ള സെനറ്റ് മീറ്റിംഗ് ആണ് ഇതുവരെ വിളിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കാതെയും അക്കാദമിക വിഷയങ്ങളില്‍ കൂടിയാലോചനകളില്ലാതെയും മുന്നോട്ടു പോകുന്ന സര്‍വകലാശാല അധികാരികളുടെയും ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെയും ഭരണാധികാരികളുടെയും ധാര്‍ഷ്ട്യം ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തെറിയുകയാണെന്നും ഇതിനെതിരേ ഏതറ്റംവരെയും പോകാന്‍ തയ്യാറാണെന്നും കെ.പി.സി.ടി.എ. കാലിക്കറ്റ് സര്‍വകലാശാല റീജിയണല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിജു ജോണ്‍ എം., സംസ്ഥാന സെക്രട്ടറി ഡോ. ഉമ്മര്‍ ഫാറൂഖ് ടി.കെ., റീജിയണല്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് അസ്ലം, സെക്രട്ടറി ഡോ. കെ.ജെ. വര്‍ഗീസ്, ലൈസണ്‍ ഓഫീസര്‍ ഡോ. സാജിത് ഇ.കെ., സെനറ്റ് മെമ്പര്‍മാരായ ഡോ. ചാക്കോ വി.എം., ഡോ. സുല്‍ഫി പി., ഡോ. ജയകുമാര്‍ ആര്‍., ഡോ. മനോജ് മാത്യൂസ്, ഡോ. ജയകുമാര്‍ ആര്‍., ഡോ. ശ്രീലത ഇ., സുനികുമാര്‍ ജി., അക്കാദമിക് കൗണ്‍സില്‍ സ്ഥാനാര്‍ഥികള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related News

Related News

Leave a Comment