റോഡിൽ കൂടി നടന്നു വരുമ്പോൾ കാറിന്റെ വീൽ ക്യാപ്പ് ഒന്ന് കാലിൽ തടഞ്ഞാൽ അതുകൊണ്ട് എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്ന ഒരു അധ്യാപികയുണ്ട് കണ്ണൂർ കരിവെള്ളൂരിൽ. കയ്യിൽ ഏതൊരു പാഴ് വസ്തു കിട്ടിയാലും കൗതുകമുള്ള ചാരുതയാർന്ന ഒന്നാക്കി മാറ്റുന്ന മാജിക്കൽ മനസ്സുള്ള ഒരാളാണ് ഹേമജ ടീച്ചർ. അധ്യാപന ജോലിയിൽ നിന്നും വിരമിച്ച് വിരസമായ പകലുകളെയും രാത്രികളെയും ആഹ്ലാദകരമാക്കാൻ കരകൗശല സൃഷ്ടികളിലേക്ക് ജീവിതത്തിന്റെ വലിയ ഒരു ഭാഗം മാറ്റിവച്ചിരിക്കുകയാണ് ഹേമജ ടീച്ചർ.
ഉപയോഗശൂന്യമായ തുണികൾ കൊണ്ട് മനോഹരങ്ങളായ ബാഗുകൾ, വാൾ ഹാങ്ങറുകൾ. അധികം ചെലവില്ലാത്തതുമായ വസ്തുക്കൾ കൊണ്ട് മനോഹരമായ ശില്പങ്ങളും മറ്റും തീർത്ത് റിട്ടയർമെന്റ് ജീവിതത്തിനു നിറച്ചാർത്ത് പകരുകയാണ് ഈ അധ്യാപിക.
മൺപാത്രങ്ങളിൽ ഫാബ്രിക് പെയിന്റ് കൊണ്ട് മനോഹരമായി ചിത്രലേഖനം ചെയ്തിരിക്കുന്നു. കുക്കറിന്റെ വാഷർ, കാർഡ്ബോർഡ്, മുത്ത്, വുള്ളൻ നൂല് എന്നിവ ഉപയോഗിച്ച് മനോഹരമായ വാൾ ഹാങ്ങർ. ചിരട്ടയും വെൽവെറ്റ് പേപ്പറും തുണികളും മറ്റുപയോഗിച്ച് മനോഹരമായ കുട. പൂരത്തിന് ആനകളുടെ അലങ്കാരങ്ങളിൽ ഒന്നായ നെറ്റിപ്പട്ടം എന്നിവയെല്ലാം ടീച്ചറുടെ വീട്ടിൽ നിരന്ന് ഇരിക്കുന്നത് കാണുമ്പോൾ തൃശ്ശൂർ പൂരത്തിന് ആനച്ചമയ പ്രദർശനം കാണുന്ന ഒരു പ്രതീതി നമ്മുടെ മനസ്സിൽ തിരയിളക്കം സൃഷ്ടിക്കുന്നു.
കരകൗശല വസ്തുക്കൾ നിർമിക്കാൻ പാഴ്സ്തുക്കൾ കൂടാതെ ഷെല്ല്, മുത്ത്, കാർഡ് ബോർഡ്, ഗ്ലിറ്റർ പേപ്പർ, ലാമിനേഷൻ പേപ്പർ, ഫാബ്രിക് പെയിന്റ് തുടങ്ങിയവയും ടീച്ചർ ഉപയോഗിക്കുന്നു. ഉപയോഗശൂന്യമായ സീഡികൾ പഴയ പ്ലേറ്റുകൾ എന്നിവയെല്ലാം ചുവരിൽ ഇടംപിടിക്കുന്ന മനോഹരമായ വസ്തുക്കളായി മാറുന്നു.
കണ്ണൂർ കരിവെള്ളൂർ സ്വദേശിനിയായ ടീച്ചർ 1980 കളിലെ എസ്എസ്എൽസി ബാച്ചായ ഓട്ടോഗ്രാഫിന്റെ വാർഷികത്തോടനുബന്ധിച്ച് കരിവെള്ളൂർ എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രഥമ കരകൗശല പ്രദർശനം നടത്തി. ഈ മാസം ആദ്യ ആഴ്ചയിൽ മടപ്പള്ളി സോമേശ്വരി ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് വീട്ടിലും കരകൗശല പ്രദർശനം നടത്തി. ഒരു കൗതുകത്തിനു വേണ്ടി മാത്രം ഉണ്ടാക്കിയെടുത്ത ഈ കരകൗശല വസ്തുക്കൾ കൂട്ടുകാർക്കും പ്രിയപ്പെട്ടവർക്കും നൽകി വരാറുണ്ട്. അമിത ചിലവ് വരുന്ന നെറ്റിപ്പട്ടം ഇപ്പോൾ 1500, 3000 നിരക്കിലും കൊടുത്തു വരുന്നുണ്ട്. ടീച്ചറിലെ കലാകാരിയെ തിരിച്ചറിഞ്ഞ ഭർത്താവ് വിജയനും മക്കളായ അശ്വിനിയും വിശാഖും ടീച്ചറുടെ കലാ സപര്യയ്ക്ക് ഒപ്പം ചേർന്നുനിൽക്കുന്നു. നല്ലൊരു ഗായികയും നർത്തകിയും കൂടിയാണ് ഹേമജ ടീച്ചർ. പാഴ്വസ്തുക്കളിൽ നിന്നും നവീന വസ്തുക്കളിൽ നിറച്ചാർത്തൊരുക്കുന്ന ഈ യാത്രയിൽ ഇനിയും വിരിയാനുള്ള ഒരുപാട് ചാരു വർണ പുഷ്പങ്ങൾക്കായി കാത്തിരിക്കുകയാണ് ഹേമജ ടീച്ചർ.
കെ ആർ അജിത