ജീവിതം വഴിമുട്ടി: മരിക്കാൻ അനുവദിക്കണമെന്ന് ജോഷി

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ജീവിക്കാൻ മറ്റു യാതൊരു നിവൃത്തിയും ഇല്ലാത്തതിനാൽ മരിക്കാൻ അനുവദിക്കണമെന്ന് കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകൻ. ചികിത്സക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതു മൂലം ദയാവധം അനുവദിക്കണമെന്നാണ് മാപ്രാണം സ്വദേശി വടക്കേത്തല വീട്ടിൽ അന്തോണിയുടെ മകൻ ജോഷി (53) മുഖ്യമന്ത്രിക്കും ഹൈക്കോടതിക്കും നൽകിയ അപേക്ഷയിൽ പറഞ്ഞിട്ടുള്ളത്. ട്യൂമർ ഉൾപ്പെടെയുള്ള അസുഖങ്ങളും, മുമ്പുണ്ടായ റോഡപകടത്തേയും തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലാണ് ജോഷി. കരാർ പണികൾ ചെയ്യാൻ കഴിയില്ല. വീട് വിൽക്കാൻ ഉദ്ദേശിച്ചെങ്കിലും അതും നടന്നിട്ടില്ല. കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുകയാകട്ടെ തിരികെ ലഭിക്കുന്നുമില്ല. ആകെയുള്ള വരുമാനം നിക്ഷേപത്തിന് ബാങ്ക് തരുന്ന 4% സേവിങ്സ് പലിശ മാത്രമാണ്. സ്ഥിരനിക്ഷേപത്തിനുള്ള പലിശ പോലും തരുന്നില്ല. ഇങ്ങനെ ഇതുവരെയായി 12ലക്ഷത്തോളം രൂപ ബാങ്ക് തട്ടിയെടുത്തു. സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്ററുടെ മേൽനോട്ടത്തിലായിരുന്നു ഈ തുടർകൊള്ള. 80 ലക്ഷത്തോളം രൂപയാണ് കരുവന്നൂർ ബാങ്കിൽ നിന്നും ഇനി തനിക്ക് ലഭിക്കാനുള്ളതെന്നും കത്തിൽ പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി അഞ്ചു തവണ കരുവന്നൂർ ബാങ്കിൽ കത്തു നൽകി എങ്കിലും ഇതേവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ല.

ജില്ലാ കളക്ടർക്കും നവകേരള സദസ്സിലും പരാതി കൊടുത്തുവെങ്കിലും യാതൊരു ഒരു തുടർനടപടിയും ഉണ്ടായില്ല. വലിയ പ്രതീക്ഷയോടെയാണ് നവകേരള സദസ്സിൽ പരാതി കൊടുത്തത്. തന്റെയും കുടുംബത്തിന്റെയും പണവും ബാങ്ക് വാഗ്ദാനം ചെയ്‌ത പ്രകാരമുള്ള പലിശയും എന്നു തരുമെന്ന് വ്യക്തമാക്കാത്ത മറുപടിയാണ് സഹകരണ വകുപ്പിന്റെ മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ നിന്നും തപാലിൽ ലഭിച്ചത്. ബാങ്ക് അധികാരികളുടേയും സർക്കാരിന്റെയും മുന്നിൽ യാചിച്ചിട്ട് കാര്യമില്ലാത്തതിനാൽ തന്റെ ജീവിതം രാഷ്ട്രപിതാവ് വധിക്കപ്പെട്ട ജനുവരി 30ന് അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ദയാവധ ഹർജിക്ക് അനുവാദം നൽകണമെന്നാണ് ജോഷിയുടെ അപേക്ഷ.

Leave a Comment