വധ ശ്രമം: പ്രതിയെ മൽപിടിത്തത്തിലൂടെ കീഴടക്കി.

Written by Taniniram Desk

Published on:

നേമം : വഴിയോരത്ത് പഴകച്ചവട൦ നടത്തി വന്ന ആളെ കുത്തിക്കൊല്ലാൻ ശ്രമം. സംഭവ സ്ഥലത്തു നിന്ന് മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്കകം സാഹസികമായി പിടികൂടി. തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ കാരയ്ക്കാമണ്ഡപ൦ ദേശീയ പാതയോരത്താണ് സംഭവം. പഴക്കട നടത്തുന്ന സെയ്ദലിയെ മാരകമായി കുത്തി പരിക്കേൽപ്പിച്ച കൊല്ലം സ്വദേശി റിയാസ് (27) നെയാണ് പിടികൂടിയത്.

സെയ്ദലിയും റിയാസും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വഴിയോര കച്ചവടം നടത്തുന്നവരാണ്. നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് ഇവരെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. പിന്നീട് സെയ്ദലി തുലവിളയിൽ പഴക്കച്ചവടത്തിനുള്ള തട്ട് വെക്കാനായി ബുധനാഴ്ച എത്തി .ഇതോടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും റിയാസ് കൈയിൽ ഒളിച്ചുവെച്ചിരുന്ന കത്തി കൊണ്ട് സെയ്ദലിയെ കുത്തുകയായിരുന്നു.

“എസ്.ഐ ആയാൽ ഇങ്ങനെ വേണം”

സെയ്ദലിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ഇടതടവില്ലാത്ത തിരിച്ചിൽ നടത്തി, വിരലിലെണ്ണാവുന്ന മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ നേതൃത്വം കൊടുത്ത നേമം പ്രിൻസിപ്പൽ എസ്.ഐയെക്കുറിച്ച് നാട്ടുകാർ പറഞ്ഞ വാക്കുകളാണ് ഇത്..

വൈകുന്നേരം ഏകദേശം 7 മണിയോടെ സെയ്‌ദലി കുത്തേൽക്കുന്നു. ജനം ഓടിക്കൂടുന്നതിനിടയിൽ പ്രതിയായ റിയാസ് സ്ഥലത്തുനിന്നു ഓടിരക്ഷപ്പെട്ടു. വിവരം അറിഞ്ഞു നേമം പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ ഷിജുവിന്റെ നേതൃത്വത്തിൽ എസ് ഐ രജീഷ്, സീനിയർ സി പി ഓ രതീഷ് ചന്ദ്രൻ, സി പി ഓ വൈശാഖ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. പരിക്കേറ്റ സെയ്‌ദലിയെ ആശുപത്രിയിൽ എത്തിച്ചു. ഉടൻ തന്നെ അക്രമിയായ റിയാസിനെ പിടികൂടാൻ പോലീസ് വ്യാപകമായി തെരച്ചിൽ നടത്തി. പ്രതി തങ്ങാൻ സാധ്യതയുള്ള നേമം, പാപ്പനംകോട് പരിസരങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടുകിട്ടിയില്ല.

എന്നാൽ റിയാസിന് മണക്കാടും സങ്കേതമുണ്ടെന്നു മനസിലാക്കിയ പ്രിൻസിപ്പൽ എസ് ഐ ഷിജുവിന്റെ നിർദ്ദേശപ്രകാരം പോലീസ് സംഘം മണക്കാട്ടെ വീട് വളഞ്ഞെങ്കിലും ഇയാളെ കിട്ടിയില്ല. എന്നാൽ റിയാസ് വരാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ പോലീസ് സംഘം ഇയാൾക്കായി വല വിരിച്ചു ഒളിച്ചിരുന്നു . ഏകദേശം മൂന്നര മണിക്കൂറത്തെ കാത്തിരിപ്പിനൊടുവിൽ രാത്രി 11. 30 ഓടെ റിയാസ് വീട്ടിലെത്തി. പോലീസിനെ വെട്ടിച്ച്‌ ഇരുട്ടിന്റെ മറവിൽ പോലീസിനെ ആക്രമിച്ച്‌ റിയാസ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലു൦ മൽപിടിത്തത്തിലൂടെ ഇയാളെ കീഴ്‌പെടുത്തുകയായിരുന്നു. പ്രിൻസിപ്പൽ എസ്‌ ഐയായ ഷിജുവിന്റെ നേതൃത്വത്തിൽ മയക്കു മരുന്നിനെതിരെ വ്യാപകമായ പരിശോധനകളാണ് നടത്തി വരുന്നത്. ക്രിമിനൽ സംഘങ്ങൾക്കെതിരെയും, വാറണ്ട് കേസിലെ പ്രതികൾക്ക് വേണ്ടിയും വ്യാപകമായ പരിശോധനകൾ നടത്തിയതോടെ ഗുണ്ടാസംഘാ൦ഗങ്ങൾ പലരും നഗരത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്.

Related News

Related News

Leave a Comment