കുന്നംകുളത്തെ ഇനി മലിനമാക്കിയാൽ പിടിവീഴും!!!

Written by Taniniram1

Published on:

കുന്നംകുളം നഗരസഭ മാലിന്യ സംസ്ക്കരണം മികവുറ്റ രീതിയിൽ നടപ്പിലാക്കുന്നതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലും ബസ് സ്റ്റാന്റിലും സ്ഥാപിച്ച സിസി ടിവി ക്യാമറകൾ പ്രവർത്തന സജ്ജമായി. സിസി ടിവി ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം എ.സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അധ്യക്ഷയായി.

മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതോടൊപ്പം നഗരത്തെ സുരക്ഷാവലയത്തിലാക്കുക കൂടിയാണ് ഇതിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. നഗരത്തിലെ കുറ്റകൃത്യങ്ങൾക്ക് തടയിടാനും ഇതു വഴി കഴിയും. ഇതിനായി നഗരത്തിലെ പ്രധാനയിടങ്ങളിൽ 18 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 15 ലക്ഷം രൂപ ചെലവിലാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. വാഹനങ്ങളുടെ നമ്പർ പ്ലേയ്‌റ്റ് തിരിച്ചറിയാൻ കഴിയും വിധം ആധുനിക രീതിയിലുള്ള ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഭാവിയിൽ 64 ക്യാമറകൾകൂടി സ്ഥാപിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നഗരസഭ ആരോഗ്യവിഭാഗത്തിലാണ് നിരീക്ഷണത്തിനായുള്ള റും സജ്ജമാക്കിയിട്ടുള്ളത്. കുന്നംകുളം പോലീസ് സ്റ്റേഷനിലും നിരീക്ഷണത്തിനുള്ള സൗകര്യങ്ങളുണ്ട്. ഇവ രണ്ടും കേന്ദ്രീകൃത നിരീക്ഷണ ഇടങ്ങളാണ്. മുനിസിപ്പൽ ജംഗ്ഷൻ, ഹെർബർട്ട് റോഡ് ജംഗ്ഷൻ, ടി.ടി ദേവസ്സി ജംഗ്ഷൻ, തുറക്കുളം മാർക്കറ്റ്, വിക്ട‌റി, പഴയ ബസ് സ്റ്റാൻ്റ്, ടി.കെ കൃഷ്ണൻ റോഡ്, മധുരക്കുളം, ജവഹർ തിയേറ്റർ, കാണിപ്പയ്യൂർ, വൈശ്ശേരി, ആനായ്ക്കൽ ജംങ്ഷൻ, പനങ്ങാടി കയറ്റം, ചാട്ടുകുളം എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ചിലയിടങ്ങളിൽ രണ്ടും മൂന്നും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കുന്നംകുളത്തെ പ്രാദേശിക സിസി ടിവി നെറ്റ് വർക്ക് സംവിധാനത്തിലൂടെ പാലക്കാട് ഭഗവതി അസോസിയേറ്റ്സാണ് ക്യാമറകളുടെ പ്രവർത്തനം സജ്ജീകരിച്ചിട്ടുള്ളത്.

ചടങ്ങിൽ നഗരസഭാ എക്‌സിക്യൂട്ടിവ് എഞ്ചിനീയർ മനോജ് മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ സൗമ്യ
അനിലൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, എ.സി.പി സി.ആർ സന്തോഷ്, സി.ഐ യു.കെ ഷാജഹാൻ, സെക്രട്ടറി ഇൻ ചാർജ്ജ് ഇ.സി ബിനയ് ബോസ്, സിസി ടിവി എം.ഡി ടി.വി ജോൺസൺ, ഭഗവതി അസോസിയേറ്റ് എം.ഡി രാജേഷ്കുമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment