ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം

Written by Taniniram1

Published on:

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 19 മുതല്‍ 26 വരെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ജനുവരി 19 മുതല്‍ 26 വരെ രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 12.45 വരെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ അനുമതിയില്ല. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 75-ാമത് റിപ്പബ്ലിക് ദിനമാണ് ഈ വര്‍ഷം രാജ്യം കൊണ്ടാടുന്നത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി. ചരിത്രത്തിലാദ്യമായി ബി.എസ്.എഫിലെ വനിതകള്‍ മാത്രം അണിനിരക്കുന്ന മാര്‍ച്ച് റിപ്പബ്ലിക് ദിന പരേഡില്‍ ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. ഒരു അസിസ്റ്റന്റ് കമാന്‍ഡന്റും രണ്ട് ഉപ ഉദ്യോഗസ്ഥരുമാണ് മാര്‍ച്ച് നയിക്കുക. മാര്‍ച്ചില്‍ 144 വനിതകള്‍ അണിനിരക്കും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമായുള്ള 2274 എന്‍.സി.സി. കേഡറ്റുകളാണ് ഒരുമാസം നീളുന്ന റിപ്പബ്ലിക് ദിന ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ 907 പെണ്‍കുട്ടികളാണുള്ളത്. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് ഡല്‍ഹി പോലീസ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. അക്ഷര്‍ധാം ക്ഷേത്രത്തില്‍ ഡല്‍ഹി ഈസ്റ്റ് പോലീസ് ഭീകരാക്രമണം നേരിടുന്നതിന്റെ മോക്ക് ഡ്രില്‍ നടത്തിയിരുന്നു.

Related News

Related News

Leave a Comment