തിരുവനന്തപുരം : യൂണിറ്റിന് 8.69 രൂപ നൽകി 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് അനുമതി നൽകുന്നതു സംബന്ധിച്ച് റഗുലേറ്ററി കമ്മിഷൻ ഉടൻ ഉത്തരവിറക്കും. ലോഡ്ഷെഡിങ് ഒഴിവാക്കുന്നതിനായാണിത്. ഏപ്രിൽ, മേയ് മാസങ്ങളിൽ പദ്ധതിക്ക് തുടക്കമാകും. വില കൂടുതലാണെങ്കിലും ലോഡ്ഷെഡിങ് ഒഴിവാക്കാൻ മറ്റു മാർഗമില്ലെന്ന വിലയിരുത്തലിൽ വൈദ്യുതി വാങ്ങാൻ അനുമതി നൽകാനാണു സാധ്യത. ഇത് അധികബാധ്യതയായി ഉപയോക്താക്കളുടെ മേൽ വരും. സർചാർജ് ആയിട്ടാണു പിരിച്ചെടുക്കുക. കമ്മിഷൻ ഇന്നലെ നടത്തിയ തെളിവെടുപ്പിൽ ബോർഡിന്റെയും വൈദ്യുതി ഉൽപാദക കമ്പനികളുടെയും പ്രതിനിധികൾ പങ്കെടുത്തു. ഉപയോക്താക്കളുടെ പ്രതിനിധിയായി പങ്കെടുത്തയാൾ വൈദ്യുതി വാങ്ങുന്നതിനെ എതിർത്തില്ല. അദാനി, ടാറ്റാ പവർ, പവർ ട്രേഡിങ് കോർപറേഷൻ എന്നീ കമ്പനികളിൽ നിന്നാണ് യൂണിറ്റിന് 8.69 രൂപയ്ക്ക് 200 മെഗാവാട്ട് വാങ്ങുന്നത്.