മഹാരാജാസ് കോളേജ് അടച്ചു

Written by Taniniram1

Updated on:

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇന്നലെ രാത്രി വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എസ് എഫ് ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം. അതേസമയം എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി നാടക പരിശീലനത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനെ ഫ്രറ്റേണിറ്റി, കെ എസ് യു പ്രവർത്തകർ ചേർന്ന് ആക്രമിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി വിദ്യാർത്ഥി സംഘർഷങ്ങൾ ക്യാമ്പസിൽ നടക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാസറിനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് വിവരം. ഇരുപതോളം വരുന്ന കെ എസ് യു, ഫ്രറ്റേണിറ്റി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് എസ് എഫ് ഐ ആരോപിച്ചു. ആറ് പേർ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവർ പുറത്ത് നിന്നുമുള്ളവരുമാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാനായി ക്യാമ്പസിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർത്ഥി സംഘർഷ സാധ്യത കണക്കിലെടുത്താണ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനമായത്.

Leave a Comment