ചാലക്കുടി : ചാലക്കുടിക്കാരെ പിന്തുടർന്ന് ഇനി ക്യാമറ കണ്ണുകൾ. പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുകയും ഒഴുക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. മാലിന്യം തള്ളുകയാണെങ്കിൽ ആദ്യ ഘട്ടത്തിൽ കുറഞ്ഞ പിഴ 2000 രൂപയും ആവർത്തിച്ചാൽ അരലക്ഷം രൂപ വരെ ചുമത്താനും ആവശ്യമെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചു. പൊതുനിരത്തിൽ മാലിന്യം തള്ളുന്നതു തടയാനായി നഗരസഭ വിവിധ ഇടങ്ങളിൽ 49 ക്യാമറകൾ സ്ഥാപിച്ചു. ഇതിനകം മാലിന്യം നിക്ഷേപിച്ച 54 പേരെ കണ്ടെത്തി, 44 പേർക്കെതിരെ നടപടിയെടുത്തു പിഴ അടപ്പിച്ചു. 4 പേർക്കെതിരെ പ്രോസിക്യൂഷൻ നടപടിയും എടുത്തു. ഈ വർഷം കെ എസ് ഡബ്ല്യു എം പി പദ്ധതിയിൽ ഉൾപ്പെടുത്തി 12 സ്ഥലങ്ങളിൽ കൂടി ക്യാമറകൾ സ്ഥാപിക്കും. കടകളുടേയും മറ്റു വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നാലും നടപടിയും പിഴയും ഉണ്ടാകും. നഗരസഭയുടെ സുവർണ ജൂബിലി സ്മാരകമായി എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ചു നിർമിക്കുന്ന ഓഫിസ് അനക്സസ് കെട്ടിടത്തിൻ്റെ നിർമാണം തൃപ്തികരമാണെന്നും ഇതു സംബന്ധിച്ച ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും കൗൺസിൽ വിലയിരുത്തി. കെട്ടിടത്തിൻ്റെ അടിത്തറയുടെ പണിയിൽ എൻജിനീയർ കണ്ടെത്തിയ ന്യൂനത സംബന്ധിച്ചു നഗരസഭാധ്യക്ഷന്റെ നിർദേശപ്രകാരം തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്‌ധ സംഘം പരിശോധന നടത്തുകയും. കെട്ടിടത്തിന്റെ ബലത്തിനു കുറവില്ലെന്നും, നിർമാണം തുടരുന്നതിനു തടസ്സങ്ങളില്ലെന്നും റിപ്പോർട്ട് നൽകുകയും ചെയ്ത വിവരം ചെയർമാൻ കൗൺസിലിനെ അറിയിച്ചു വിജയരാഘവപുരം കമ്യൂണിറ്റി ഹാളിന്റെ മുൻഭാഗത്തെ സ്ഥലം നഗരസഭ ഏറ്റെടുക്കുന്നതിനു റവന്യു വിഭാഗത്തിൽ നിന്നു വാലുവേഷൻ ലഭിച്ച സാഹചര്യത്തിൽ, തനതു ഫണ്ട് ഉപയോഗിച്ചു ഭൂമി ഏറ്റെടുക്കാനും പട്ടികജാതി ഓഫിസറുടെ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്തതു സംബന്ധിച്ച സംസ്ഥാന ആസൂത്രണ കോ- ഓർഡിനേഷൻ കമ്മിറ്റിക്ക് കത്തു നൽകാനും കൗൺസിൽ തീരുമാനിച്ചു. 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 28ന് അകം വാർഡ് സഭകൾ ചേരും. 2023 – 24 വാർഷിക പദ്ധതിയിലെ ഭേദഗതികൾക്കു കൗൺസിൽ അംഗീകാരം നൽകി. വിവിധ പൊതുമരാമത്ത് പ്രവർത്തനങ്ങൾക്കുള്ള 70 ലക്ഷം രൂപയുടെ ടെൻഡറുകൾക്ക് കൗൺസിൽ അംഗീകാരം നൽകി. അഗതിരഹിത കേരളം ഗുണഭോക്താക്കൾക്കു മാസം തോറും നൽകുന്ന പോഷകാഹാരക്കിറ്റിനു സർക്കാർ ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിൽ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും തുക നൽകാൻ തീരുമാനിച്ചു. നഗരസഭാധ്യക്ഷൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.
ചാലക്കുടിക്കാരെ പിന്തുടർന്ന് ക്യാമറ കണ്ണുകൾ : ജാഗ്രതൈ
Written by Taniniram1
Published on: