ആശാൻ മനുഷ്യമനസ്സിന്റെ കവി

Written by Taniniram1

Published on:

“ഈ വല്ലിയിൽ നിന്നു ചെമ്മേ
പൂക്കൾ പോകുന്നിതാ പറന്നമ്മേ “

കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിതയിലെ പ്രശസ്തമായ ഈ വരികൾ കുട്ടിക്കാലത്തിന്റെ നിറങ്ങൾ പടർത്തി മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കാറുണ്ട്.പറന്നു പോകുന്ന പൂമ്പാറ്റയും , പിച്ചവയ്ക്കുന്ന കുഞ്ഞും, സുഗന്ധം പൊഴിക്കുന്ന പൂക്കളും ഭൂമിയിലെ സംശയങ്ങളായി നിറഞ്ഞ കാലം.അതുകൊണ്ട് തന്നെ കുമാരനാശാന്റെ പുഷ്പവാടി എന്ന കവിത ഇന്നും കേൾക്കുമ്പോൾ, ഞാൻ എന്ന മകളെ ചേർത്തു നിർത്തി മൂർദ്ധാവിൽ നിറയെ ഉമ്മ തരുന്ന അമ്മയുടെ സാന്ത്വനമായി മാറാറുണ്ട്.പിൻതിരിഞ്ഞു നോക്കുമ്പോൾ ആ പൂമ്പാറ്റ കാലത്തെ വരച്ചു ചേർക്കാതെ എന്റെ കുട്ടിക്കാല ചിത്രങ്ങൾ ഒന്നും പൂർണ്ണമാകില്ലെന്നും തോന്നാറുണ്ട്.കാരണം ആശാൻ കവിതകൾ ജീവിതത്തിൽ അത്രയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

കുമാരനാശാൻ എന്ന കവിയെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ, നവോത്ഥാന നായകൻ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്നിങ്ങനെയൊക്കെ മലയാള കവിതാസ്വാദകർ വിശേഷിപ്പിക്കുമ്പോഴും മനസ്സിൽ ആർദ്രമായ ശിലാലിഖിതങ്ങൾ പോലെ ഞാൻ കുറിച്ചിടാറുള്ളത്, "ആശാനോളം മനുഷ്യമനസ്സിനെ സ്നേഹിച്ച കവി മറ്റാരുമില്ലെന്നു തന്നെയാണ്".

    ആശാൻ കവിതകൾക്ക്  സ്വന്തമായി ഒരു ആസ്വാദകമണ്ഡലമുണ്ട്  പ്രിയപ്പെട്ട ഒരു ആസ്വാദക സദസ്സ്.അവിടെ ഓരോ കവിതയും  കാല്പനികതയുടെ വർണ്ണച്ചിറകുകൾ നൽകി കൊണ്ട് കവിതാസ്വാദകരെ മുഴുവൻ പിടിച്ചിരുത്തുന്നു. കവിതയുടെ ശക്തി ജീവിതത്തിൽ പ്രതിധ്വനിക്കും എന്ന് പറയും പോലെ, പുഷ്പവാടി എന്ന കവിതയിൽ നിന്നും പിന്നീട് വായന ചണ്ഡാലഭിക്ഷുകിയിലേക്കും,നളിനി, ലീല, കരുണ തുടങ്ങിയ കൃതികളിലേക്കും സഞ്ചരിക്കാൻ തുടങ്ങി.  

“സ്നേഹത്തിൽ നിന്നുദിക്കുന്നൂ — ലോകം
സ്നേഹത്താൽ വൃദ്ധിതേടുന്നു”

എന്ന് കവി ചണ്ഡാലഭിക്ഷുകിയിൽ പാടിയപ്പോൾ സ്നേഹം എന്നത് വളരെ ഉദാത്തമായ നൈർമല്യമുള്ള സംഗീതമായി വായനക്കാരിലേക്ക് എത്തിച്ചേർന്നു.

“സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം”
എന്ന് നളിനിയിലും

“സ്നേഹിക്കയുണ്ണി നീ നിന്നെ ദ്രോഹിക്കുന്ന ജനത്തേയും”
എന്ന് വിചിത്രവിജയത്തിലും ആവർത്തിച്ചു കൊണ്ട് ആശാൻ കവിതകളുടെ കരിംകാതൽ സ്നേഹം തന്നെയാണെന്നറിയിച്ചു.നളിനി, ലീല, സാവിത്രി, മാതംഗി, ഉപഗുപ്തൻ, ആനന്ദഭിക്ഷു, ദിവാകരൻ തുടങ്ങിയവർ സ്നേഹത്തിന്റെ വിഭിന്നമുഖങ്ങളായി. സ്നേഹരാഹിത്യം മരണത്തിനു സമമാണെന്ന് പല കവിതകളിലൂടെയും തുറന്നടിച്ചു.

സ്നേഹ സങ്കല്പങ്ങളും മനുഷ്യ ജീവിതവും വിഷയങ്ങളായി എഴുതിക്കൊണ്ടിരുന്ന കവിയിൽ നിന്ന് മാനവ പുരോഗതിയെ ലക്ഷ്യമാക്കിയുള്ള നിരവധി കവിതകളും പിൽക്കാലത്ത് കാണുകയുണ്ടായി.

“അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?

  എന്ന കവിയുടെ അക്ഷരക്ഷോഭം മലയാളക്കവിതയിൽ അക്കാലത്ത് വിപ്ലവം സൃഷ്ടിച്ചു. ചണ്ഡാലഭിക്ഷുകിയിലെ മാതംഗി, ആശാൻ കവിതകളിലെ ഹൃദയത്തിന്റെ അടരായി മലയാള കവിതയിൽ സ്ഥാനം പിടിച്ചു. 'മാറ്റുവിൻ ചട്ടങ്ങളെ ' എന്നറിയിച്ചു കൊണ്ട്  ദുരവസ്ഥയിലെ സാവിത്രി അന്തർജ്ജനം ചാത്തൻ എന്ന പുലയ യുവാവിനെ ഭർത്താവായി സ്വീകരിക്കുന്നത്, കവിതയിലൂടെ വരച്ചുകാട്ടി അക്ഷരതീയായി കവി മാറി. ഇത്തരം കവിതകളിലൂടെ സ്നേഹഗായകനിൽ നിന്നും നവോത്ഥാന നായകനായും വിപ്ലവ ചിന്തകനായും മാറുന്ന കവിയേയും നമുക്ക് കാണാൻ സാധിച്ചു. ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുള്ള പ്രകാശയാത്രയിൽ കവിയോടൊപ്പം മനുഷ്യരും നടന്നു.

ആശയത്തിലെ മൗലികതയും ദർശനത്തിലെ സത്യസന്ധതയും ഒത്തിണക്കിക്കൊണ്ട് ആശാനിലെ കവി ആശയ ഗംഭീരനായി. വീണപൂവ് എന്ന കവിതയിൽ കൂടി പൂവും മനുഷ്യനും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നും സൃഷ്ടികർത്താവായ ദൈവത്തിന്റെ കരങ്ങൾ കൊണ്ടാണ് എല്ലാവരെയും സൃഷ്ടിച്ചിരിക്കുന്നെന്നും കവി ലോകത്തോട് പറഞ്ഞു വച്ചു. ഇതിനൊക്കെ പുറമെ സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും മലയാളത്തിന് സമ്മാനിച്ചു.

 കാലത്തെ അതിജീവിച്ചു കൊണ്ട് പുതുതലമുറയിലെ കവിതാസ്വാദകരെ തൃപ്തിപ്പെടുത്തി കൊണ്ട് മഹാകവി നമ്മുടെ മനസ്സിൽ ഇന്നും യാത്ര തുടരുന്നു.ഏത് കവിതയാണൊ ഏറ്റവും കൂടുതൽ പ്രിയം  എന്നു ചോദിച്ചാൽ ഇന്നും ഉത്തരമില്ല. അത്രത്തോളം ആഴത്തിൽ സ്പർശിച്ചു കൊണ്ടാണ് ഓരോ കവിതയുടേയും സ്ഥാനം

“അന്തമില്ലാത്തൊരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു ഞാനഹോ ….”

See also  ചലച്ചിത്ര അക്കാദമി വിവാദത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും: മന്ത്രി സജി ചെറിയാൻ

എന്ന് ആശാൻ കവിതയിലെഴുതി വച്ച പോലെ 1924 ജനുവരി 16 ന് പല്ലനയാറിലെ ബോട്ടപകടത്തിൽ മലയാളത്തിന്റെ പ്രിയ കവി അന്ത്യ നിദ്രയിലാണ്ടു. വിയോഗം നൂറ്റാണ്ടിലെത്തിയിട്ടും കുമാരനാശെന്ന മഹാകവി സ്നേഹ ഗായകനും വിപ്ലവ ചിന്തകനുമായി തുടരുന്നു.കാരണം അദ്ദേഹം എഴുതിയത് ഇന്നലെകൾക്കു വേണ്ടി മാത്രായിരുന്നില്ല. ഇന്നിനും നാളേക്കും കൂടി വേണ്ടിയാണല്ലോ ….

താര അതിയടത്ത്

Related News

Related News

Leave a Comment